Connect with us

Kerala

വിമാന ഇന്ധന നികുതി കുറക്കണമെന്ന് മന്ത്രി; ടിക്കറ്റ് നിരക്ക് കുറച്ചാല്‍ ആലോചിക്കാം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: വിമാന ടിക്കറ്റ് അനിയന്ത്രിതമായി കൂട്ടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി. കേരളത്തിലെ വിമാന ഇന്ധനത്തിന്റെ നികുതി കൂടുതലാണെന്ന് വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാലും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍മിച്ച അത്യാധുനിക റഡാര്‍ സംവിധാനത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അഭിപ്രായ പ്രകടനങ്ങള്‍.
വിമാനക്കൂലി കുറക്കാന്‍ വിമാന ഇന്ധനത്തിന്റെ വാറ്റ് സംസ്ഥാന സര്‍ക്കാര്‍ കുറക്കണമെന്നായിരുന്നു കെ സി വേണുഗോപാലിന്റെ നിലപാട്. നിരക്ക് നിശ്ചയിക്കുന്നതിന് വ്യോമയാന മന്ത്രാലയത്തിന് നിലവില്‍ അധികാരമൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. സീസണുകളില്‍ വിമാനകമ്പനികള്‍ നിരക്ക് വന്‍തോതില്‍ ഉയര്‍ത്തുന്നുവെന്ന പരാതിയുണ്ട്. നിരക്ക് നിശ്ചയിക്കാന്‍ അധികാരമില്ലെങ്കിലും നിരക്ക് നിരീക്ഷിക്കാനുള്ള അധികാരം മന്ത്രാലയത്തിനുണ്ടെന്ന കാര്യം വിസ്മരിക്കരുത്.
വിമാന ഇന്ധനത്തിന് നിലവില്‍ വാറ്റ് നിരക്ക് കൂടുതലാണ്. ഒന്‍പത് സംസ്ഥാനങ്ങള്‍ ഇത് കുറക്കാന്‍ സന്നദ്ധമായിട്ടുണ്ട്. ഏറ്റവുമൊടുവില്‍ പശ്ചിമ ബംഗാളും നിരക്ക് നാല് ശതമാനമാക്കി കുറച്ച കാര്യം മന്ത്രി ഓര്‍മിപ്പിച്ചു.
എന്നാല്‍, വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്തിയാല്‍ വിമാന ഇന്ധനത്തിന്റെ വാറ്റ് കുറക്കുന്നത് ആലോചിക്കാമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി. നിലവില്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനും മന്ത്രാലയത്തിനും ഒരു നിയന്ത്രണവുമില്ലാത്ത സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സീസണില്‍ അമിതമായ നിരക്കാണ് കമ്പനികള്‍ ഈടാക്കുന്നത്. ഇതില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. കേരളത്തിന് അകത്ത് സര്‍വീസ് നടത്താന്‍ തയ്യാറാകുന്ന വിമാനങ്ങളുടെ ഇന്ധനത്തിന്റെ വാറ്റ് പൂര്‍ണമായി ഒഴിവാക്കിക്കൊടുക്കാന്‍ സന്നദ്ധമാണ്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫ്‌രാഷ്ട്രങ്ങളിലേക്ക് നിരവധി സര്‍വീസുണ്ട്. എന്നാല്‍, കേരളത്തിലെ വിമാനത്താവളങ്ങള്‍ ബന്ധിപ്പിച്ച് സര്‍വീസ് ഇല്ല. ഇങ്ങനെ സര്‍വീസ് നടത്തുന്നത് നഷ്ടമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതിനാലാണ് നികുതി പൂര്‍ണമായി ഒഴിവാക്കുന്നത്. മറ്റു സര്‍വീസുകളുടെ ഇന്ധന നികുതി കുറക്കണമെങ്കില്‍ നിരക്ക് നിശ്ചയിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് കൂടി നിയന്ത്രണം വേണം. ഏത് നിരക്കും ഏത് സമയത്തും ഈടാക്കാമെന്ന നിലയാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest