Connect with us

Kerala

സരിതാ നായരുടെ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്‌

Published

|

Last Updated

കൊച്ചി: സോളാര്‍ കേസില്‍ സരിതാ എസ് നായര്‍ പ്രമുഖര്‍ക്കെതിരെ നല്‍കിയ രഹസ്യമൊഴി അട്ടിമറിക്കപ്പെട്ടതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സരിത എറണാകുളം അഡീഷനല്‍ സി ജെ എമ്മിന് നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് അന്വേഷണ സംഘം. പ്രമുഖരുടെ പേരുകള്‍ പരാമര്‍ശിച്ചു കൊണ്ടുള്ള സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച ജഡ്ജി അവരോട് പരാതി എഴുതിത്തരാന്‍ നിര്‍ദേശിക്കുകയും ദിവസങ്ങള്‍ക്ക് ശേഷം തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അവര്‍ പരാതി എഴുതി നല്‍കുകയുമായിരുന്നു.
പ്രമുഖര്‍ക്കെതിരെ സരിത മൊഴി നല്‍കാതിരിക്കുന്നതിന് കോണ്‍ഗ്രസിലെ പ്രമുഖര്‍ ഇടനിലക്കാര്‍ വഴി കോടികളുടെ ഓഫര്‍ നല്‍കുകയും രഹസ്യമൊഴി അട്ടിമറിക്കുകയും ചെയ്തുവെന്ന ആക്ഷേപം വന്നതിന് പിന്നാലെയാണ് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് സരിത സൂപ്രണ്ട് മുഖേന കോടതിയില്‍ പരാതി നല്‍കിയത്. എറണാകുളം നോര്‍ത്ത് എസ് ഐ മുഹമ്മദ് നിസാറിനെയാണ് കോടതി പരാതി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. പ്രാഥമികാന്വേഷണത്തിന് ശേഷം പരാതി പെരുമ്പാവൂര്‍ ഡിവൈ എസ് പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കൈമാറി. പരാതി കഴമ്പില്ലാത്തതായതിനാല്‍ എഴുതിത്തള്ളാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പെരുമ്പാവൂര്‍ ഡി വൈ എസ്പി ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.
സരിതക്ക് വധഭീഷണിയുള്ളതിന്റെ തെളിവുകളൊന്നും അന്വേഷണത്തില്‍ കണ്ടെത്താനായില്ല. ബിജു രാധാകൃഷ്ണനും ശാലു മേനോനും ചേര്‍ന്ന് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നെന്നായിരുന്നു സരിതയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ശാലു മേനോന്റെ ചങ്ങനാശ്ശേരിയിലെ വീട്ടിലടക്കം പോലീസ് മൊഴിയെടുക്കല്‍ നടത്തി. ബിജു രാധാകൃഷ്ണനെയും ചോദ്യം ചെയ്തു. എന്നാല്‍ ഇരുവരും സരിതക്കുനേരെ വധഭീഷണി ഉയര്‍ത്തിയതിന്റെ തെളിവുകളൊന്നും പോലീസിന് കിട്ടിയില്ല. സരിത ഒരിക്കല്‍ ശാലുവിന്റെ ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി ബഹളമുണ്ടാക്കി മടങ്ങിയതായി മൊഴിയും ലഭിച്ചു. ജയിലില്‍ കഴിയുന്ന തങ്ങളെങ്ങനെ സരിതയെ ഭീഷണിപ്പെടുത്തുമെന്നാണ് ബിജു രാധാകൃഷ്ണന്‍ പോലീസിനോട് ചോദിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എഴുതിത്തള്ളാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്.
ഉന്നതരുടെ പേരുകള്‍ ഉള്‍പ്പെട്ട സരിതയുടെ യഥാര്‍ഥ പരാതി അട്ടിമറിച്ചെന്ന ആരോപണത്തിന് കൂടുതല്‍ ബലം നല്‍കുന്നതാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രമുഖര്‍ക്കെതിരായ മൊഴിയില്‍ നിന്ന് പിന്‍മാറിക്കൊണ്ടാണ് സരിത, തന്റെ ജീവന് ഭീഷണിയുണ്ടെന്ന പരാതി എഴുതി നല്‍കിയത്. ഇതിന് പിന്നാലെ സരിതക്കെതിരെ പരാതി നല്‍കിയ ചിലര്‍ക്ക് സരിതയുടെ ബന്ധുക്കള്‍ പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കിയത് പ്രമുഖരെ ബ്ലാക്ക് മെയില്‍ ചെയ്ത് സരിത കോടികള്‍ കൈപ്പറ്റിയെന്ന ആരോപണത്തിന് ബലം പകരുന്നതായിരുന്നു. പരാതി ഒത്തുതീര്‍ക്കുന്നതിന് സരിതക്ക് എവിടെ നിന്ന് പണം കിട്ടിയെന്നത് അന്വേഷണ സംഘം ഇനിയും പരിശോധിച്ചിട്ടില്ല.