Connect with us

National

മുസഫര്‍ നഗര്‍: പലായനം ചെയ്തത് 42,000ത്തോളം പേര്‍

Published

|

Last Updated

ന്യുഡല്‍ഹി: കലാപബാധിതമായ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍, ഷാംലി ജില്ലകളില്‍ നിന്ന് 42,000ത്തോളം പേര്‍ പലായനം ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഇവര്‍ക്കായി താത്കാലിക ദുരിതാശ്വാസ ക്യാമ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ 78 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിരുന്നുവെന്നും സര്‍ക്കാര്‍ അറിയിച്ചു. എല്ലാ അധികാരികളും അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുന്നതേയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് പി സദാശിവവും, ജസ്റ്റിസ് രഞ്ജനാ പി ദേശായിയും ഉള്‍പ്പെട്ട ബഞ്ച് അഭിപ്രായപ്പെട്ടു.
ഉത്തര്‍പ്രദേശ് സര്‍ക്കാറിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ഹാജരായി. കലാപത്തെ തുടര്‍ന്ന് പലായനം ചെയ്തവര്‍ക്ക് അവശ്യവസ്തുക്കളും ഭക്ഷണ സാധനങ്ങളും എത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിവരമനുസരിച്ച് 44 പേര്‍ കലാപത്തില്‍ മരിച്ചിട്ടുണ്ട്. 97 പേര്‍ക്ക് പരുക്കേറ്റു. 2462 പേരെ അറസ്റ്റ് ചെയ്തു. കലാപത്തിനിരയായവര്‍ ഏറെയും മുസ്‌ലിംകളാണെന്ന് കേന്ദ്രവും സംസ്ഥാനവും സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ പറയുന്നുണ്ട്.
മുസാഫര്‍നഗറിലുണ്ടായ അക്രമങ്ങളില്‍ പരുക്കേറ്റവര്‍ക്ക് നല്‍കുന്ന അടിയന്തര ചികിത്സയും പരിചരണവും എന്തെന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം കേന്ദ്രത്തോടും ഉത്തര്‍പ്രദേശ് സര്‍ക്കാറിനോടും ആവശ്യപ്പെട്ടിരുന്നു. പലായനം ചെയ്തവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും മറ്റ് പ്രാഥമിക സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.