ഇരയെ കുറിച്ചുള്ള ജഠ്മലാനിയുടെ പരാമര്‍ശം വിവാദമായി

Posted on: September 17, 2013 11:35 pm | Last updated: September 17, 2013 at 11:35 pm

ram jathmalaniന്യൂഡല്‍ഹി: അസാറാം ബാപ്പുവിന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ രാം ജഠ്മലാനി നടത്തിയ പരാമര്‍ശം വിവാദമായി. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ ജഠ്മലാനി ‘ഒറ്റതിരിഞ്ഞ ആക്രമണ’ത്തിന് ഇരയായി.
പുരുഷന്‍മാരില്‍ ആകൃഷ്ടയാകുന്ന മാനസിക രോഗം പെണ്‍കുട്ടിക്കുണ്ടെന്നാണ്, രാജസ്ഥാന്‍ കോടതിയില്‍ അസാറാമിന്റെ ജാമ്യാപേക്ഷയിലുള്ള വാദത്തിനിടെ ജഠ്മലാനി പറഞ്ഞത്. അതീവ രോഷത്തോടെയും പ്രതിഷേധത്തോടെയുമാണ് ജഠ്മലാനിയുടെ ഈ വാദത്തിനെതിരെ സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. പെണ്‍കുട്ടിക്ക് അത്തരമൊരു രോഗമുണ്ടെങ്കില്‍ അവളെ ബലാത്സംഗം ചെയ്താണോ രോഗം ഭേദമാക്കേണ്ടതെന്ന് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍ പരിഹാസ രൂപേണ ട്വീറ്റ് ചെയ്തു. ഡല്‍ഹിയിലെ കൂട്ടബലാത്സംഗ കേസില്‍ പ്രതിഭാഗം വക്കീല്‍ എ പി സിംഗിനോടാണ് പലരും ജഠ്മലാനിയെ സാമ്യപ്പെടുത്തിയതത്. പരാതി തയ്യാറാക്കുമ്പോള്‍ പെണ്‍കുട്ടിയുടെ വയസ്സില്‍ പോലീസ് കൃത്രിമം കാട്ടിയതായും ജഠ്മലാനി വാദിച്ചിരുന്നു.