Connect with us

Malappuram

കളത്തില്‍ വീട്ടിലെ ഓണ കൂട്ടായ്മക്ക് മൂന്ന് പതിറ്റാണ്ട്

Published

|

Last Updated

വേങ്ങര: കണ്ണമംഗലം എരണിപ്പടി കളത്തില്‍ വീട്ടിലെ ഓണസൗഹൃദ കൂട്ടായ്മ മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും മുടങ്ങിയില്ല. വീട്ടിലെ കാരണവരായിരുന്ന വേലയുധന്‍കുട്ടി നായര്‍ തുടങ്ങിവെച്ചതാണ് തിരുവോണനാളിലെ ഓണക്കൂട്ടായ്മ. നാട്ടുകാരും സുഹൃത്തുക്കളുമടക്കം നൂറുകണക്കിന് പേരാണ് ജാതിമത ഭേദമന്യേ ഓരോ വര്‍ഷവും കളത്തില്‍ വീട്ടിലെ സൗഹൃദ കൂട്ടായ്മക്ക് എത്തുന്നത്. കൂട്ടായ്മയില്‍ പങ്കെടുക്കുന്നവര്‍ക്ക് വിഭവമ സമൃദ്ധമായ ഓണ സദ്യയും നല്‍കി ഏറെ സന്തോഷത്തോടെ തിരിച്ചയക്കുന്നതാണ് കളത്തില്‍ വീട്ടിലെ ഓണക്കൂട്ടായ്മ. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും തികഞ്ഞ ദേശസ്‌നേഹിയുമായിരുന്ന വേലായുധന്‍കുട്ടി നായര്‍ മരണപ്പെട്ടിട്ട് ഏഴ് വര്‍ഷത്തോളമായി. അഛന്‍ തുടങ്ങിവെച്ച സൗഹൃദ കൂട്ടായ്മക്ക് മുറ തെറ്റാതെ നടത്തിവരികയാണ് ഓരോ ഓണക്കാലത്തും മക്കളായ മണിനായരും മോഹനനും മാതാവ് കമലാക്ഷി അമ്മയും. ഇന്നലെ ഉത്രാട നാളിലായിരുന്നു ഈ വര്‍ഷത്തെ ഓണക്കൂട്ടായ്മ. ജനപ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, പൗരപ്രമുഖര്‍ തുടങ്ങിയവരടക്കം ഓണക്കൂട്ടായ്മയില്‍ പങ്കെടുത്ത് സൗഹൃദം പുതുക്കി.

Latest