റഷ്യയുമായി കരാര്‍: അമേരിക്കയുടെ ദൗര്‍ബല്യമെന്ന്‌ ജോണ്‍ മക്കയിന്‍

Posted on: September 16, 2013 1:40 am | Last updated: September 16, 2013 at 1:40 am

mccainവാഷിംഗ്ടണ്‍: സിറിയയുടെ രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് റഷ്യയുമായി അമേരിക്ക ഉണ്ടാക്കിയ കരാര്‍ ഒബാമയുടെയും അമേരിക്കയുടെയും ദൗര്‍ബല്യമാണ് തുറന്നുകാട്ടുന്നതെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മക്‌കെയ്ന്‍.
സിറിയന്‍ വിഷയത്തില്‍ ഒബാമയെടുത്ത തീരുമാനങ്ങള്‍ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനപരമായ ദൗര്‍ബല്യമായി കണക്കാക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിറിയയിലെ രാസായുധങ്ങള്‍ നശിപ്പിക്കാന്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും തമ്മിലുണ്ടാക്കിയ കരാറിനെയും സിറിയന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാടിനെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. റഷ്യയുമായി ഉണ്ടാക്കിയ കരാര്‍ അമേരിക്കയുടെ സഖ്യ രാഷ്ട്രങ്ങള്‍ക്കും ശുത്രു രാജ്യങ്ങള്‍ക്കും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് മക് കെയിന്‍ കൂട്ടിച്ചേര്‍ത്തു.
‘റഷ്യയുമായി ഉണ്ടാക്കിയ കരാര്‍ സിറിയയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുന്നതല്ല. ലക്ഷക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് ഈ കരാറിന് സാധിക്കില്ല. ഇറാന്‍ അടക്കമുള്ള അമേരിക്കയുടെ ശത്രു രാജ്യങ്ങളെ ശക്തിപ്പെടുത്തുന്ന കരാറാണിത്. ഇത് ആണവായുധ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇറാന്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് കൂടുതല്‍ ബലമേകും.’ മക് കെയിന്‍ പറഞ്ഞു.
അല്‍ഖാഇദയടക്കമുള്ള തീവ്രവാദ സംഘടനകളെ സന്തോഷിപ്പിക്കുന്നതാണ് അമേരിക്കയുടെ തീരുമാനമെന്നും ബശര്‍ അല്‍ അസദ് രാസായുധ ആക്രമണങ്ങള്‍ ഇനിയും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.