Connect with us

Kannur

ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ മലയാളം പടിക്ക് പുറത്ത്

Published

|

Last Updated

കണ്ണൂര്‍ : സ്‌കൂളുകളില്‍ മലയാളത്തിന് ഒന്നാം ഭാഷാ പദവി കൈവന്നിട്ടും ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ മലയാളത്തിന് അവഗണന. മലയാളത്തിലുള്ള സാങ്കേതിക പഠനം ജോലി സാധ്യത ഇല്ലാതാക്കുമെന്ന പേരില്‍ സ്‌കൂളുകളൊന്നടങ്കം ഇംഗ്ലീഷ് മീഡിയമാക്കി സര്‍ക്കാര്‍ മാറ്റുമ്പോള്‍ത്തന്നെ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലെവിടെയും മലയാളത്തിന് അധ്യാപക തസ്തികപോലും നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ മലയാളം ഉപഭാഷ, ഹിന്ദി, ബയോളജി വിഷയങ്ങള്‍ക്കു പകരം സാങ്കേതിക വിഷയങ്ങളാണ് ഇപ്പോള്‍ പഠിപ്പിക്കുന്നത്. എന്നാല്‍ മലയാളം, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ സംസ്ഥാന സിലബസ് തന്നെയാണ് പഠിക്കേണ്ടത്. മറ്റ് വിഷയങ്ങള്‍ക്ക് തസ്തികയുണ്ടായിരിക്കുമ്പോഴാണ് മലയാളത്തിനോട് മാത്രം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മുഖം തിരിഞ്ഞുനിന്നത്.
സംസ്ഥാനത്തെ 39 ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലും വര്‍ഷങ്ങളായി മലയാളം പഠിപ്പിക്കുന്നത് താത്കാലിക അധ്യാപകരാണ്. ഇവര്‍ക്കാകട്ടെ നാമമാത്ര വേതനമാണ് നല്‍കുന്നത്. മണിക്കൂറിന് 60 രൂപ.
വേതനം കുറവായതിനാല്‍ പല സ്‌കൂളുകളിലും മലയാളം അധ്യാപകരെ കിട്ടാറില്ല. പലരും പി ടി എ ഫണ്ടില്‍ നിന്ന് തുക ഉപയോഗിച്ചാണ് അധ്യാപകര്‍ക്ക് വേതനം നല്‍കുന്നത്. ഈ വര്‍ഷം മുതല്‍ എട്ടാം തരത്തില്‍ ആഴ്ചയില്‍ നാല് പീരിയഡും ഒമ്പതിലും പത്തിലും രണ്ട് പിരിയഡ് വീതവുമായി വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും തസ്തിക നിര്‍ണയം സംബന്ധിച്ച് സര്‍ക്കാറും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതിനിടെയാണ് ആരംഭിച്ചതു മുതല്‍ മലയാളം മീഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഈ വര്‍ഷം മുതല്‍ ഇംഗ്ലീഷ് മീഡിയമാക്കി ഉത്തരവിറക്കിയത്. സാങ്കേതിക പദങ്ങള്‍ക്ക് കൃത്യമായ മലയാളം പദങ്ങള്‍ കണ്ടെത്താനാകാത്തതും ജോലി തേടി അന്യനാടുകളില്‍ പോകുമ്പോഴുണ്ടാകുന്ന തടസ്സങ്ങള്‍ പരിഹരിക്കാനുമാണ് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക ഭാഷ്യം.
അതോടൊപ്പം സാങ്കേതിക പരിജ്ഞാനം മലയാളത്തില്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകളും കാരണമായി പറയുന്നു. മലയാള ഭാഷയുടെ ഉന്നതിക്കും പദവിപുലീകരണത്തിനുമായി മലയാളം സര്‍വകലാശാല പ്രവര്‍ത്തനമാരംഭിച്ച ശേഷമാണ് വിചിത്രമായ വാദവുമായി ടെക്‌നിക്കല്‍ സ്‌കൂളുകളെ ഇംഗ്ലീഷ് മീഡിയമായി രൂപാന്തരപ്പെടുത്തിയത് എന്നതും ശ്രദ്ധേയം.
മലയാളത്തിന് അര്‍ഹമായ പ്രോത്സാഹനവും പ്രാധാന്യവും നല്‍കിയാണ് സ്‌കൂളുകള്‍ ഇംഗ്ലീഷ് മീഡിയമാക്കിയതെന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പറയുന്നു. എല്ലാ വിഷയങ്ങളും മലയാളത്തില്‍ പഠിക്കണമെന്ന് വാശി പിടിക്കരുത്.
നിലവിലുള്ള രീതിയില്‍ പഠനം തുടര്‍ന്നാല്‍ ടെക്‌നിക്കല്‍ സ്‌കൂളുകള്‍ നിന്നുപോകും. സാങ്കേതിക പദങ്ങള്‍ ഇംഗ്ലീഷില്‍ പഠിച്ചാല്‍ മാത്രമേ ഗുണമുണ്ടാകൂ. മലയാളം മീഡിയത്തിലൂടെയുള്ള പഠനം വഴി സ്‌കൂളുകള്‍ തകരുമെന്ന ഘട്ടത്തിലാണ് മീഡിയം മാറ്റിയതെന്നും ആവര്‍ത്തിക്കുന്നു. അതേ സമയം, കഴിഞ്ഞ വര്‍ഷം വരെ മലയാളത്തില്‍ പഠിച്ച കുട്ടികളില്‍ ഇംഗ്ലീഷ് മീഡിയം അടിച്ചേല്‍പ്പിക്കുന്നത് പഠന നിലവാരം തകര്‍ക്കാനിടയാക്കുമെന്നും ഇത് അംഗീകരിക്കില്ലെന്നുമാണ് അധ്യാപക സംഘടനകള്‍ പറയുന്നത്.