വിലക്കയറ്റം തളര്‍ത്തിയ മലയാളിക്കിത് ഉത്സാഹമില്ലാത്ത ഓണം

Posted on: September 16, 2013 6:03 am | Last updated: September 16, 2013 at 1:03 am

sadyaകോഴിക്കോട്: കാണം വിറ്റും ഓണമുണ്ണാന്‍ കഴിയാതെ മലയാളി വിലക്കയറ്റം കൊണ്ട് തളരുന്നു. ഓണത്തോടനുബന്ധിച്ച് മലയാളികള്‍ ഏറെ പ്രയോഗിക്കുന്ന വാചകമായിരിക്കും ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്നത്. ദാരിദ്ര്യമറിയിക്കാതെ എന്തു വിലപിടിപ്പുള്ളതും വിറ്റെങ്കിലും ഓണം ആഘോഷിക്കണമെന്നതാണ് ഈ പ്രയോഗത്തിന്റെ സാരം. എന്നാല്‍ ശരാശരി മലയാളിയുടെ കണ്ണുതള്ളിപോകുന്നതാണ് വിപണിയിലെ വില നിലവാരം. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ സാധാരണ ജനം എങ്ങനെയെങ്കിലും ഓണം കഴിഞ്ഞുകിട്ടിയാല്‍ മതിയെന്ന അവസ്ഥയിലായിട്ടുണ്ട്.
ഓണ നാളിലെ പ്രധാനവിഭവമാണ് നേന്ത്രപ്പഴം. മുമ്പ് ഓണത്തിന് ഒരു കുല നേന്ത്രപ്പഴമെങ്കിലും ഒരു കുടുംബം വാങ്ങിയിരുന്നു.
ഇത്തവണ പല കുടുംബങ്ങളും രണ്ടോ മൂന്നോ കിലോയില്‍ ഒതുക്കി. 70 രൂപയായിരിക്കുന്നു ഒരു കിലോ നേന്ത്രപ്പഴത്തിന്. പഴത്തിന്റെ കാര്യത്തില്‍ ഒതുങ്ങുന്നില്ല വിലക്കയറ്റം. സദ്യക്ക് വിഭവങ്ങളൊരുക്കാന്‍ വേണ്ട എല്ലാ സാധനങ്ങള്‍ക്കും തീവില തന്നെ. പയറിന് 100 രൂപയായി. ചെറിയ ഉള്ളി 60 രൂപ, മുരിങ്ങക്കായ, കയ്പ60 രൂപ. ഇഞ്ചി 120. എന്നിങ്ങനെ അതിവേഗം കുതിക്കുന്നു വില.
ഓണത്തിന് അവിയല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഇത്തവണ അവിയലിനുള്ള പച്ചക്കറികള്‍ വാങ്ങണമെങ്കില്‍ മാത്രം രൂപ അഞ്ഞൂറില്‍ കൂടുതല്‍ വേണം. ഓണത്തിന് ഇലയില്‍ വറുത്ത കായ ഉപ്പേരി വിളമ്പുന്ന പതിവുണ്ട്. ഈ പതിവ് തെറ്റിക്കാതിരിക്കണമെങ്കില്‍ ഓണ ബജറ്റ് ഉയരുമെന്നുറപ്പാണ്. നേന്ത്രക്കായക്ക് വില കൂടിയതിനൊപ്പം കായ ഉപ്പേരിക്കും ഉയര്‍ന്നിട്ടുണ്ട്.
മലബാറുകാരുടെ ഓണത്തിന് മത്സ്യവും മാംസവും സദ്യക്കൊപ്പം വിളമ്പാറുണ്ട്. നല്ല മത്സ്യം തന്നെയാണ് പ്രധാനം. എന്നാല്‍ ഇത്തവണ സദ്യവട്ടം പലരും സമ്പൂര്‍ണ വെജിറ്റേറിയന്‍ തന്നെയാക്കിയിട്ടുണ്ട്. ആവോലി ചെറുതിന് 350 രൂപയും വലുതിന് 400 മുതല്‍ 500രൂപവരെയുമാണ് വില. ചിക്കന് കിലോ 170 ആയി. ഇന്നലെ വൈകുന്നേരത്തെ വിലയാണിത്. ഇന്ന് വില എത്ര എത്തുമെന്ന് കണ്ടറിയണം.
പല വ്യഞ്ജനങ്ങള്‍ക്കും വില കുതിച്ചുകയറുകയാണ്. പൊതുവിപണിയില്‍ വില നിയന്ത്രിക്കേണ്ട സപ്ലൈകോ അടക്കമുള്ള സംവിധാനങ്ങളിലും ഓണച്ചന്തകളിലും കാര്യമായ ആശ്വാസത്തിന് വകയില്ല. 13 ഇനം അവശ്യസാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇവ കിട്ടുന്നയിടങ്ങള്‍ വളരെ വിരളമാണ്. ഉള്ള സാധനങ്ങള്‍ക്കു തന്നെ പൊതു മാര്‍ക്കറ്റില്‍ നിന്ന് വലിയ വില വ്യത്യാസവുമില്ല.
വിലക്കയറ്റം മൂലം ജനം നേരിടുന്ന പ്രയാസം മാര്‍ക്കറ്റില്‍ കാണാനുണ്ടെന്ന് വ്യാപാരികള്‍ സമ്മതിക്കുന്നു. മാര്‍ക്കറ്റില്‍ തിരക്കുണ്ടെങ്കിലും അത്യാവശ്യ സാധനങ്ങള്‍ മാത്രം വാങ്ങി മടങ്ങുകയാണ് എല്ലാവരും.
ഇന്ധന വിലയും ഇടക്കിടെ കൂട്ടുന്നതുകൊണ്ട് അതിന്റെ പേരിലുള്ള വിലക്കയറ്റവും അനുഭവിക്കുന്നത ജനങ്ങളാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പെടോളിന് പതിനഞ്ച് രൂപയാണ് കൂടിയത്.
പെട്രോള്‍ വിലയുടെ വര്‍ധന മൂലം ഓണ സവാരിയും പലരും ഉപേക്ഷിക്കുമെന്നുറപ്പാണ്.