മഹാരാഷ്ട്ര എ ഡി ജി പി സ്വയം തീകൊളുത്തി; ഗുരുതരാവസ്ഥയില്‍

Posted on: September 16, 2013 12:45 am | Last updated: September 16, 2013 at 12:45 am

മുംബൈ: മഹാരാഷ്ട്ര എ ഡി ജി പി. ആര്‍ കെ സഹായ് സ്വയം തീകൊളുത്തി. 60 ശതമാനം പൊള്ളലേറ്റ സഹായിയെ ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യക്ക് ശ്രമിക്കാനുള്ള കാരണത്തെ സംബന്ധിച്ച് വ്യക്തമല്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവം അന്വേഷിക്കുന്നുണ്ട്.
ഈയടുത്ത് മഹാരാഷ്ട്ര എസ് ആര്‍ ടി സിയിലെ ക്രമക്കേടുകളെ സംബന്ധിച്ച് ഒരു അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് സഹായ് സമര്‍പ്പിച്ചിരുന്നു. എം എസ് ആര്‍ ടി സിയുടെ മുന്‍ എം ഡി ദീപക് കപൂറിന്റെ കാലത്തെ ക്രമക്കേടുകളാണ് അദ്ദേഹം പുറത്തുകൊണ്ടുവന്നത്. ചീഫ് വിജിലന്‍സ് ഓഫീസര്‍ ആയിരിക്കെയായിരുന്നു ഇത്. തുടര്‍ന്ന് ദിവസങ്ങള്‍ക്കകം ഇദ്ദേഹത്തെ എ ഡി ജി പിയായി തസ്തിക മാറ്റി.
എന്‍ സി പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേലിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ദീപക് കപൂര്‍, പുതിയ നിയമനത്തിനായി കാത്തിരിക്കുകയാണ്. സഹായിയുടെ കാര്യത്തില്‍ സീനിയോറിറ്റി വിഷയങ്ങളും സര്‍ക്കാര്‍ സര്‍വീസിലെ പിന്നാമ്പുറ സംഘര്‍ഷങ്ങളും നടന്നിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത ഐ എ എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സഹായിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും തമ്മില്‍ ഇടക്കിടക്ക് തര്‍ക്കം ഉണ്ടാകാറുണ്ടായിരുന്നു. സഹായിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കപൂറിനെതിരെ അന്വേഷണം നടത്താന്‍ അഴിമതിവിരുദ്ധ ബ്യൂറോ സര്‍ക്കാറിന്റെ അനുമതി കാത്തിരിക്കുകയാണ്.