Connect with us

Kerala

ഹാരിസണ്‍: ഓര്‍ഡിനന്‍സ് തള്ളിയത് റവന്യൂ വകുപ്പിന്റെ എതിര്‍പ്പ് മറികടന്ന്

Published

|

Last Updated

തിരുവനന്തപുരം: വിദേശ കമ്പനിയായ ഹാരിസണ്‍ മലയാളം ലിമിറ്റഡിന് വേണ്ടി സര്‍ക്കാറിലെ ഉന്നതര്‍ കരുക്കള്‍ നീക്കുന്നു. ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്ന അനധികൃത ഭൂമി ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കണമെന്ന നിര്‍ദേശം തള്ളിയത് റവന്യൂ വകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണെന്ന് വ്യക്തമായി. നിയമ വകുപ്പിലെ ഉന്നതരും ഹാരിസണ്‍ മലയാളം ലിമിറ്റഡും ചേര്‍ന്ന് നടത്തിയ അട്ടിമറി നീക്കങ്ങളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. ഹാരിസണ്‍ മലയാളം ലിമിറ്റഡ് കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ നേരത്തെ നിയമോപദേശം നല്‍കിയിരുന്നു. ഇത് അംഗീകരിച്ച് മുന്നോട്ടു പോകണമെന്നായിരുന്നു റവന്യൂ വകുപ്പിന്റെ നിലപാടും.
എന്നാല്‍, കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന വാദമാണ് നിയമ വകുപ്പില്‍ നിന്നുണ്ടായത്. നിയമ മന്ത്രി കെ എം മാണി ഓര്‍ഡിനന്‍സിനെ ശക്തമായി എതിര്‍ത്തെന്നാണ് വിവരം. ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയില്‍ വന ഭൂമി ഉള്‍പ്പെട്ടിരിക്കാമെന്നും അതിനാല്‍ തന്നെ ഓര്‍ഡിനന്‍സ് പ്രായോഗികമല്ലെന്നുമായിരുന്നു നിയമ വകുപ്പിന്റെ നിലപാട്. മാത്രമല്ല, ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ കൈവശക്കാര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും നിയമ വകുപ്പ് വാദിച്ചു. നിലവിലുള്ള നിയമം അനുസരിച്ച് വന്‍തുക കമ്പനിക്ക് നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കുന്നതു കൊണ്ട് സര്‍ക്കാറിന് പ്രയോജനമൊന്നും ഉണ്ടാകില്ലെന്നും വകുപ്പ് വ്യക്തമാക്കി. തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നിര്‍ദേശം തള്ളിയത്.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കമ്പനിക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍ തുടര്‍നടപടികളൊന്നുമുണ്ടായില്ലെങ്കില്‍ വിമര്‍ശത്തിന് വഴിവെക്കുമെന്നതിനാല്‍ ഉചിതമായ തീരുമാനമെടുക്കാന്‍ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയെന്ന നിര്‍ദേശമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകരുതെന്നും ഓര്‍ഡിനന്‍സ് ഇറക്കി ഭൂമി ഏറ്റെടുക്കണമെന്നും റവന്യൂവിന്റെ പ്ലീഡര്‍ നല്‍കിയ നിയമോപദേശം അവഗണിച്ചാണ് ഈ നീക്കം. സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുന്നത് കാലതാമസം വരുത്തുമെന്നും കമ്പനിക്കാണ് ഇതിന്റെ നേട്ടമുണ്ടാകുകയെന്നും സര്‍ക്കാര്‍ പ്ലീഡര്‍ നല്‍കിയ നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുന്നതോടെ തന്നെ ഹൈക്കോടതിയുടെ മറ്റൊരു വിധിയെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച സ്‌പെഷ്യല്‍ ടീമിന്റെ പ്രവര്‍ത്തനം നിലക്കുന്ന സാഹചര്യമുണ്ടാകും. ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാറിന് കഴിയുമെന്നിരിക്കെ, സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി വിധി പൂര്‍ണമായി തള്ളിയെന്നും കമ്പനിക്ക് ഭൂമിയുടെ സമ്പൂര്‍ണ ഉടമസ്ഥാവകാശം ലഭിച്ചുവെന്നുമാണ് ഹാരിസണ്‍ മലയാളം പ്രചരിപ്പിക്കുന്നത്.
ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ തന്നെ സര്‍ക്കാറിലെ ഉന്നതരുമായി ഹാരിസണ്‍ അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഏറ്റുമുട്ടല്‍ ഇല്ലാതെ ഒത്തുതീര്‍പ്പിനുള്ള സാധ്യതകളാണ് കമ്പനി ആരായുന്നത്. പതിനായിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനം എന്ന പരിഗണന വേണമെന്നും കമ്പനി ആവശ്യപ്പെടുന്നു. തങ്ങളുടെ കൈവശം അധിക ഭൂമിയില്ലെന്നും 39,000 ഏക്കര്‍ ഭൂമി മാത്രമാണ് കേരളത്തിലുള്ളതെന്നുമാണ് കമ്പനിയുടെ വാദം. ആവശ്യമെങ്കില്‍ പൂര്‍ണമായി സര്‍വേ നടത്താമെന്ന നിര്‍ദേശവും കമ്പനി മുന്നോട്ടുവെച്ചിട്ടുണ്ട്.
എന്നാല്‍, കമ്പനിയുടെ കൈവശം അനധികൃത ഭൂമിയുണ്ടെന്നാണ് സര്‍ക്കാര്‍ നേരത്തെ നിയോഗിച്ച ഉന്നതതല സമിതികളെല്ലാം റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി ഹരന്‍, ജസ്റ്റിസ് മനോഹരന്‍, ഡോ. സുജിത് നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കമ്മിറ്റികള്‍.
കമ്പനി അനധികൃതമായാണ് ഭൂമി കൈവശം വെച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഈ മൂന്ന് കമ്മിറ്റികളും ആവശ്യപ്പെട്ടിരുന്നു.