Connect with us

Wayanad

വിലക്കയറ്റത്തിനും തകര്‍ക്കാനാകാതെ നാടും നഗരവും

Published

|

Last Updated

കല്‍പറ്റ/മാനന്തവാടി: ഉത്രാട പാച്ചിലില്‍ വീര്‍പ്പ് മുട്ടി മാനന്തവാടി പട്ടണം. ഓണത്തിന് ഒരാഴ്ച മുമ്പേ ടൗണില്‍ തിരക്ക് ആരംഭിച്ചിരുന്നു. അന്യസംസ്ഥാന കച്ചവടക്കാരടക്കം നിരവധി വഴി വാണിഭക്കാരാക്കാരാണ് ഓണ വിപണിയില്‍ സജീവമായിരുന്നത്.ആഴ്ചകളായി ടൗണില്‍ വഴിയോര കച്ചവടക്കാരെ കൊണ്ട് നിറഞ്ഞിരുന്നു.വിലകയറ്റം കൊണ്ട് പൊറുതി മുട്ടിയ സാധാരണക്കാര്‍ക്ക് വഴിയോര കച്ചവടക്കാര്‍ ഏറെ അനുഗ്രഹമായിരുന്നു. തുണി, പച്ചക്കറി, പൂക്കള്‍ തുടങ്ങിയവയാണ് പ്രധാനമായും വഴിയോരക്കച്ചവടക്കാര്‍ വിപണനം നടത്തിയിരുന്നത്.കുടുംബശ്രീയുള്‍പ്പെടെയുള്ളവര്‍ കച്ചവടം നടത്തുന്നുണ്ട്.ഉത്രാടദിനത്തില്‍ പച്ചക്കറി കടകളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു.
അവസാനവട്ട തിരുവോണാഘോഷത്തിന്റെ തിമിര്‍പ്പിലായിരുന്നു നാടും നഗരവും. നഗരം വഴിയോര കച്ചവടക്കാരേയും സാധനങ്ങള്‍ വാങ്ങിക്കാന്‍ എത്തിയവരേയും കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു. തിരക്ക് കാരണം മാനന്തവാടിയില്‍ ഗതാഗതതടസം അനുഭവപ്പെട്ടിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനും മറ്റും കൂടുതല്‍ പോലിസിനെ ടൗണില്‍ വിന്യസിച്ചിരുന്നു. അന്യ സംസ്ഥാനത്ത് എത്തിയ പൂക്കള്‍ക്കായിരുന്നു വിപണിയില്‍ ഡിമാന്റ് .എല്ലാ സാധനങ്ങള്‍ക്കുള്ള വമ്പിച്ച വിലവര്‍ദ്ധവ് പൂ വിപണിയില്‍ലും ദൃശ്യമാണ്.കിലോഗ്രാമിന് 500 രൂപ വരെയുള്ള വെളുത്ത ജമന്തി, 300 രൂപ വീതം വിലയുള്ള മഞ്ഞ, വയ്‌ലറ്റ് ജമന്തികള്‍, 350 രൂപ വിലയുള്ള വിവിധ നിറത്തിലുള്ള അരളി പൂക്കള്‍. 200-250 രൂപ വിലയുള്ള റോസാ പൂക്കള്‍, 300 രൂപയുടെ ചെത്തി തുടങ്ങിയവയാണ് പ്രധാനമായും പൂവിപണിയിലുള്ളത്.
വിലക്കയറ്റം കാരണം പഴയതുപോലെ കച്ചവടം നടക്കുന്നില്ലെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഓണക്കാലത്തും ഈ വന്‍ വിലവര്‍ധനവ് പിടിച്ചു നിറത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോവിലും കണ്‍സ്യൂമര്‍ ഫെഡിലും പല സാധങ്ങള്‍ക്കും പൊതു വിപണിയെക്കാള്‍ വിലയാണ്. വിലക്കയറ്റവും പ്രതികൂല കാലവസ്ഥയും കാരണം ഉത്രാട ദിനത്തിന്റെ നിറം മങ്ങി. കാണം വിറ്റും ഓണം ഉണ്ണണമെന്ന ചൊല്ല് അന്വര്‍ഥമാക്കി സാമ്പത്തിക മാന്ദ്യത്തിലും വയനാട്ടില്‍ ഓണാഘോഷത്തിന് പൊലിമ.
പൊതുവിപണിയിലെ വിലക്കയറ്റത്തിന്റെ പൊറുതികേടുകളെല്ലാം മാറ്റിവെച്ച് ഓണം കെങ്കേമമാക്കാനുള്ള തത്രപ്പാടിലായിരുന്നു ജനതയാകെ. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി മദ്യഷാപ്പുകള്‍ക്ക് മുന്‍പില്‍ ഇതാണ് അവസ്ഥ. ആഘോഷ വേളയില്‍ വ്യാജമദ്യം ഒഴിവാക്കാനും നാടന്‍ വാറ്റും വില്‍പനയും തടയാനുമായി എക്‌സൈസ് വകുപ്പ് മൈക്ക് അനൗണ്‍സ്‌മെന്റ് പോലുള്ള മൂന്നറിയിപ്പും പൊതുജനങ്ങള്‍ക്കായി നല്‍കിയിരുന്നു. പതിവ് പോലെ ഇത്തവണയും ഓണം സ്‌പെഷല്‍ ഓഫറുകളായി നിലകൊണ്ട ഗൃഹോപകരണ വില്‍പന മേഖലയില്‍ പ്രതീക്ഷിച്ചത്ര കച്ചവടം ഉണ്ടായില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
ജില്ലയില്‍ ഏതാണ്ടെല്ലാ സംഘടനകളും സ്ഥാപനങ്ങളും ഓണാഘോഷം നടത്തി. വിഭവ സമൃദ്ധമായ സദ്യയോടെയായിരുന്നു മിക്കയിടത്തും ആഘോഷങ്ങള്‍.പൂക്കള മല്‍സരം സര്‍വസാധാരണമായിരുന്നു. ഓണാഘോഷ പരിപാടികള്‍ നടത്താത്ത ക്ലബ്ബുകള്‍ ഒന്നുപോലും ഇല്ലെന്ന് തന്നെ പറയാം.
ഓണക്കാലത്ത് ഓരോ ദിവസവും ഈ ജില്ലയിലേക്ക് കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയില്‍ നിന്ന് എത്തിയത് ലോഡുകളക്കില്‍ പൂക്കളായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ പോലും സ്‌പെഷല്‍ പൂക്കച്ചവടം നടന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത.കഴിഞ്ഞ പത്ത് ദിവസമായി മലയാളിയുടെ മനസില്‍ ഗൃഹാതുരത്വത്തിന്റെ അലകള്‍ സൃഷ്ടിച്ച ഒണാഘോഷത്തിന്റെ ആവേശം ഇന്ന് പാരമ്യതയിലാവും.

---- facebook comment plugin here -----

Latest