മീനങ്ങാടി ഗവ. സ്‌കൂള്‍ എന്‍ എസ് എസ് യൂനിറ്റിന് മൂന്ന് പുരസ്‌കാരങ്ങള്‍

Posted on: September 16, 2013 12:12 am | Last updated: September 16, 2013 at 12:12 am

മീനങ്ങാടി: പ്ലസ്ടു വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റുകള്‍ക്ക് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മൂന്ന് പുരസ്‌കാരങ്ങള്‍ മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന് ലഭിച്ചു.
മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള പുരസ്‌കാരത്തിന് ഇംഗ്ലീഷ് അധ്യാപകന്‍ പി.ടി. ജോസ് അര്‍ഹനായി. എന്‍.എസ്.എസ്. വളന്റിയര്‍ക്കുള്ള പുരസ്‌കാരത്തിന് സ്‌കൂളിലെ എന്‍.എസ്.എസ്. വളന്റിയര്‍ സെക്രട്ടറി പി.ജി. അമല്‍ അര്‍ഹനായി. അടിച്ചിലാടി പ്രദേശത്തെ ഒന്നര ഏക്കര്‍ നിലത്ത് വിദ്യാര്‍ത്ഥികള്‍ നടത്തിയ ജൈവ നെല്‍കൃഷി, കക്കടംകുന്ന് സ്‌കൂളില്‍ സംഘടിപ്പിച്ച സപ്തദിന ക്യാമ്പ്, അവയവദാന ബോധവല്‍ക്കരണ പരിപാടി, കബനിയുടെ വിവിധ കൈവഴികളില്‍ നടത്തിയ പുഴയോര മുളവത്ക്കരണ പദ്ധതി, ക്യാമ്പസ് ഹരിതവല്‍ക്കരണ പദ്ധതി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാരം ലഭിച്ചത്. അവാര്‍ഡ് ജേതാക്കളെ പി.ടി.എയും സ്റ്റാഫ് കൗണ്‍സിലും അനുമോദിച്ചു. യോഗത്തില്‍ പി.വി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.