അങ്കാറ: അഹമ്മദ് സാലെ ദുമയെ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രിയായി വിമതര്‍ പ്രഖ്യാപിച്ചു. ബശ്ശാര്‍ അല്‍ അസദ് സര്‍ക്കാരിനെതിരെ പോരാടുന്ന സിറിയന്‍ ദേശീയ സഖ്യത്തിന്റെ പ്രമുഖ നേതാവാണ് അഹമ്മദ് ദുമ. ഇസ്താംബൂളില്‍ ചേര്‍ന്ന സിറിയന്‍ ദേശീയ സഖ്യത്തിന്റെ യോഗത്തിലാണ് തീരുമാനം. സിറിയയിലെ രാസായുധം നശിപ്പിക്കാന്‍ ആറിന പദ്ധതിക്ക് അമേരിക്കയും റഷ്യയും ധാരണയായതിന് പിന്നാലെയാണ് വിമതര്‍ ഇടക്കാല പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്.
ബശ്ശാര്‍ സര്‍ക്കാരിന് നിയന്ത്രണമില്ലാത്ത മേഖലകളുടെ സുഗമമായ ഭരണവും സുരക്ഷയുമാണ് ഇടക്കാല സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അഹമ്മദ് ദുമെ പറഞ്ഞു. മനുഷ്യജീവനും അവകാശങ്ങളും ബഹുമാനിക്കുന്ന രാജ്യമാക്കി സിറിയയെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മന്ത്രിസഭാ അംഗങ്ങളുടെ പേരുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ദുമ പറഞ്ഞു.