ഗ്യാസ് ക്രിമിറ്റോറിയത്തിന് വാടക നിശ്ചയിച്ചു

Posted on: September 15, 2013 12:28 am | Last updated: September 15, 2013 at 12:28 am

ചിറ്റൂര്‍: പുഴപ്പാലത്തിനരികേയുള്ള ചിറ്റൂര്‍-തത്തമംഗലം നഗരസഭ നിര്‍മിച്ച ഗ്യാസ് ക്രിമിറ്റോറിയത്തിന് ഉപഭോക്താക്കളില്‍നിന്നും ഈടാക്കാവുന്ന വാടക നിശ്ചയിച്ചു. ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം. ഇതുപ്രകാരം നഗരസഭാ പരിധിയിലുളള മൃതദേഹങ്ങളുടെ സംസ്‌കാരത്തിന് 2500 രൂപയും സമീപ പഞ്ചായത്തില്‍നിന്നുള്ളവക്ക് 3000 രൂപയും ഈടാക്കും. മൃതദേഹ സംസ്‌കാരത്തിന് എത്തുന്നവര്‍ എം എല്‍ എ, കൗണ്‍സിലര്‍, പഞ്ചായത്തംഗം എന്നിവരിലൊരാളില്‍നിന്നുള്ള സാക്ഷ്യപത്രം നിര്‍ബന്ധമായും ഹാജരാക്കണം.
നഗരസഭയുടെ മുഴുവന്‍ വാര്‍ഡുകളിലും തെരുവുനായ് ശല്യം രൂക്ഷമാണെന്നും ഇതുവരെയും പരിഹാര നടപടിയുണ്ടായില്ലെന്നും യോഗത്തില്‍ പരാതി ഉയര്‍ന്നു. അക്ഷയ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ തുക ഫീസ് വാങ്ങുന്നതായും കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ എ ഷീബ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എന്‍ ശങ്കരമേനോന്‍, വേണുഗോപാലന്‍, കെ മധു, ബാബു പ്രസംഗിച്ചു.