ദൗറതുല്‍ അഖാഇദില്‍ ഇസ്‌ലാമിയ്യ പണ്ഡിത ദര്‍സിന് പ്രൗഢോജ്ജ്വല തുടക്കം

Posted on: September 15, 2013 12:26 am | Last updated: September 15, 2013 at 12:26 am

മലപ്പുറം: ഇസ്‌ലാമിക വിശ്വാസത്തിന്റെ ദാര്‍ശനികതയെ സമഗ്രവും ആധികാരികവുമായി പഠന വിധേയമാക്കി പണ്ഡിത സമൂഹത്തെ കൂടുതല്‍ കരുത്തരാക്കുന്നതിനായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന ശറഹുല്‍ അഖാഇദ് പണ്ഡിത ദര്‍സ് സമസ്ത മുശാവറ അംഗം കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു.
ഇസ്‌ലാമിക വിശ്വാസ രംഗത്ത് പുത്തന്‍ ചിന്താഗതികള്‍ക്ക് തുടക്കം കുറിച്ച് രംഗത്തുവന്ന ഖവാരിജ്, മുര്‍ജിഅത്ത്, മുഅ്തസിലത്ത്, കര്‍റാമിയ്യത്ത്, ശീഇയ്യത്ത് പോലെയുള്ള വിഭാഗങ്ങളേയും അവര്‍ സ്ഥാപിച്ച അടിസ്ഥാന തത്വങ്ങളേയും പ്രാമാണികമായി നേരിട്ട് പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടി ഇസ്‌ലാമിന്റെ യഥാര്‍ഥ വിശ്വാസ പ്രമാണങ്ങളെ സമര്‍ഥിക്കുകയും ചെയ്ത് പൂര്‍വ്വിക ഇമാമുമാര്‍ രചിച്ച നിരവധി ഗ്രന്ഥങ്ങളില്‍ ലോക പ്രശസ്തവും ആധികാരികവുമായ ഇമാം തഫ്താസാനി(റ) രചിച്ച ശര്‍ഹുല്‍ അഖാഇദ് എന്ന കിതാബാണ് ഈ ദര്‍സില്‍ പഠിപ്പിക്കുന്നത്. ഇസ്‌ലാമിനെതിരെ രംഗത്ത് വന്ന മുഴുവന്‍ ഉല്‍പതിഷ്ണുക്കളേയും പ്രാമാണികമായി ഖണ്ഡിക്കാന്‍സംവാദങ്ങളും നടത്തി പഠിതാക്കളെ ജീവസ്സുറ്റ പ്രബോധകരാക്കും വിധം മാസാന്തം വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ആരംഭിച്ച് ശനിയാഴ്ച രാവിലെ 10 മണിക്ക് അവസാനിക്കുന്ന താണ് ദര്‍സ്.
ഇന്നലെ വൈകീട്ട് 6.30 ന് ആരംഭിച്ച ദര്‍സ് 9.30 വരെ നീണ്ടുനിന്നു. അടുത്ത ക്ലാസ് ഒക്‌ടോബര്‍ 4 ന് വൈകീട്ട് 6.30 ന് ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ആനക്കയം സൈതലവി ദാരിമി, പല്ലാര്‍ ഹസന്‍ ബാഖവി, എ.സി ഇബ്‌റാഹീം മുസ്‌ലിയാര്‍, കരിപ്പോള്‍ അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്ലക്കുട്ടി മഖ്ദൂമി, സത്താര്‍ സഖാഫി മൂന്നിയൂര്‍, പൊന്മള ബശീര്‍ അഹ്‌സനി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, ബശീര്‍ അഹ്‌സനി വടശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.