പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം

Posted on: September 15, 2013 6:00 am | Last updated: September 14, 2013 at 11:20 pm

‘ഭൂമി ഏറ്റെടുക്കുമ്പോള്‍ ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കാനും സുതാര്യതയും പുനരധിവാസവും അവകാശമാക്കാനുമുള്ള ബില്‍ -2013’ പാര്‍ലിമെന്റ് പാസ്സാക്കിയത് ഒരു സുപ്രധാന കാല്‍വെപ്പാണ്. 1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് പകരംവെക്കാനുള്ളതാണ് പുതിയ നിയമം.1894ലെ നിയമം നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിന് സാധുത നല്‍കുന്നതായിരുന്നു. അതുകൊണ്ടുതന്നെ ഈ നിയമത്തെ കരിനിയമമായാണ് പൊതുവെ വിലയിരുത്തിയിരുന്നത്. ആദിവാസികളടക്കമുള്ള അടിസ്ഥാന ജനവിഭാഗത്തെ അവര്‍ക്കവകാശപ്പെട്ട പരിരക്ഷയൊന്നും നല്‍കാതെ സ്വന്തം മണ്ണില്‍ നിന്നും അടിച്ചിറക്കുന്നത് ഏതാണ്ട് പതിവായിരുന്നു. ഇടത് തീവ്രവാദികള്‍ക്ക് വളര്‍ന്ന് പന്തലിക്കാന്‍ ഇത് വളത്തടമൊരുക്കി. പുതിയ നിയമത്തിലൂടെ നക്‌സലിസത്തിന് തടയിടാനാകുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശെങ്കിലും വിശ്വസിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നക്‌സലിസത്തിന് കടന്നു കയറാനും അവിടെ വേരുറപ്പിക്കാനും അവസരമൊരുക്കിയതില്‍ ബലംപ്രയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കലിന് വലിയ പങ്കുണ്ട്. പൊതുമേഖലക്കെന്നപോലെ സ്വകാര്യ മേഖലക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. പുതിയ നിയമം വന്നതോടെ പിറന്ന മണ്ണില്‍നിന്നും ബലംപ്രയോഗിച്ചുള്ള അടിച്ചിറക്കല്‍ ഉണ്ടാകില്ലെന്ന് മന്ത്രി ജയറാം രമേശ് ഉറച്ചുവിശ്വസിക്കുന്നു. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നക്‌സലിസത്തിന് സ്വാധീന മേഖലകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞത് അതുകൊണ്ട്തന്നെയാണ്. ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ ധാതു സമ്പുഷ്ടമായ സംസ്ഥാനങ്ങളില്‍ നക്‌സലിസവും മാവോയിസവും വേരുറപ്പിച്ചതിനും കാരണം വേറൊന്നുമല്ല. വികസനത്തിന്റെ പേരില്‍ വ്യാപകമായി നിര്‍ബന്ധിത കുടിയിറക്കലുണ്ടായപ്പോള്‍ അവര്‍ക്ക് താങ്ങായും തണലായും പ്രവര്‍ത്തിച്ചത് ഇടത് തീവ്രവാദികളായിരുന്നു. ഇത്തരം കേന്ദ്രങ്ങളില്‍ അവര്‍ക്ക് സ്വാധീന മേഖലകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതും ജനപിന്തുണകൊണ്ടുതന്നെ. ജനങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനശക്തിയുള്ള മാവോയിസ്റ്റുകളെ സായുധ നടപടികളിലൂടെ അത്ര എളുപ്പത്തില്‍ കീഴടക്കുക സാധ്യമല്ല. സുരക്ഷാ സേനാംഗങ്ങള്‍ക്കില്ലാത്ത അത്യാധുനിക ആയുധങ്ങള്‍പോലും ഇവരുടെ പക്കലുണ്ട്.
ഗോത്രവര്‍ഗക്കാരുടെയും പട്ടികജാതിക്കാരുടെയും അടക്കമുള്ള ഭൂമി ഏറ്റെടുക്കല്‍ ബലംപ്രയോഗിച്ചാകരുതെന്ന് പുതിയ നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ അനിവാര്യമെങ്കില്‍ കുടിയിറക്കപ്പെടുന്നവരെ കാര്യം ബോധ്യപ്പെടുത്തുകയും അവര്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുകയും വേണം. ഇത്തരം ബദല്‍ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും നടപ്പാക്കുന്നതിലും തദ്ദേശ ഭരണസ്ഥാപനങ്ങളെ പരമാവധി സഹകരിപ്പിക്കണം. ഏറ്റെടുക്കപ്പെടുന്ന ഭൂമിക്ക്, അതിന്റെ ഉടമക്ക,് ന്യായമായ തുക നഷ്ടപരിഹാരമായി നല്‍കണം. ഭൂമി ഏറ്റെടുക്കുന്നത് തീര്‍ത്തും സുതാര്യമായ മാര്‍ഗത്തിലൂടെ ആകണം. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാറാണെങ്കിലും സ്വകാര്യ മേഖലയായാലും നല്‍കുന്ന വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പാലിക്കണം.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആദിവാസികളടക്കം കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതാണ് നര്‍മദ ബചാവോ ആന്ദോളന്‍ ഇന്നും തുടരുന്നതിന് കാരണം. നര്‍മദ നദിയില്‍ അഞ്ച് കൂറ്റന്‍ അണക്കെട്ടുകളാണ് നിര്‍മിക്കുന്നത്. കുടിവെള്ളം, വൈദ്യുതി, ജലസേചനം എന്നീ സൗകര്യങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന വാഗ്ദാനത്തോടെയാണ് അണക്കെട്ടുകളുടെ നിര്‍മാണം ആരംഭിച്ചത്. കുടിയൊഴിപ്പിച്ചവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അധികൃതര്‍ ഒരു താത്പര്യവും കാണിക്കാതെ വന്നപ്പോള്‍ പദ്ധതി നടത്തിപ്പ് അനന്തമായി നീണ്ടു. വിവിധ സമരമുറകളുമായി ജനസഹസ്രങ്ങള്‍ രംഗത്തിറങ്ങി. മേധാപട്കറെ പോലുള്ള നേതാക്കള്‍ ഉപവാസവും ജലസത്യഗ്രഹവും മറ്റും നടത്തിയിട്ടും അധികൃതര്‍ വാക്ക് പാലിച്ചില്ല. മനുഷ്യാവകാശപ്രവര്‍ത്തകരായ അരുന്ധതി റായ്, സിനിമാതാരം ആമിര്‍ ഖാന്‍ തുടങ്ങിയവര്‍ സജീവമായി സമരമുഖത്തുണ്ട്. മന്ത്രി ജയറാം രമേശ് ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാറും ഉദ്യോഗസ്ഥമേധാവികളും സന്നദ്ധരായാല്‍ ബലംപ്രയോഗിച്ചുള്ള കുടിയൊഴിപ്പുകള്‍ക്ക് എതിരായ പ്രക്ഷോഭം പെട്ടെന്ന് ഒത്തുതീര്‍ക്കാനാകും.
‘ഭൂമി ഏറ്റെടുക്കലാണ് മാവോയിസ്റ്റ് പ്രശ്‌നത്തിന്റെ മൂലകാരണം. മനുഷ്യമുഖമുള്ളതും ശ്രദ്ധാപൂര്‍വകവും ഉത്തരവാദിത്വവുമുള്ള ഒരു ഭൂമി ഏറ്റെടുക്കല്‍ നയമുണ്ടായാല്‍ നക്‌സലിസവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും’- മന്ത്രി ജയറാം പറയുന്നു. ഗോത്രവര്‍ഗക്കാരടക്കമുള്ളവര്‍ സര്‍ക്കാറിനൊപ്പം നില്‍ക്കും. ഈയൊരു സാഹചര്യം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അതിവേഗം കൈവരും. നക്‌സലുകള്‍ക്ക് ലഭിക്കുന്ന ജനപിന്തുണയുടെ വേരറുക്കുന്നതോടെ നക്‌സല്‍ പ്രശ്‌നം ഇല്ലാതാകും. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അതിന് ആദ്യമായി ചെയ്യേണ്ടത് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അവകാശപ്പെട്ട ന്യായമായ നഷ്ടപരിഹാരം നല്‍കുകയാണ്. മര്‍ദനമുറകള്‍ക്ക് അറുതിവരുത്തണം. ജനവികാരം തിരിച്ചറിയുന്നതില്‍ അഗ്രഗണ്യനായ മന്ത്രി ജയറാം രമേശ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണം. ഇത് ഭരണകൂടത്തെ സംബന്ധിച്ച് വലിയൊരു വഴിത്തിരിവാകും.