പ്രബോധന രംഗത്ത് പണ്ഡിതന്മാര്‍ കരുത്താര്‍ജിക്കണം: പൊന്മള അബ്ദുര്‍ ഖാദിര്‍ മുസ്‌ലിയാര്‍

Posted on: September 14, 2013 5:18 pm | Last updated: September 14, 2013 at 5:18 pm

ദുബൈ: ഇസ്‌ലാമിക പ്രബോധന രംഗത്ത് പണ്ഡിതന്മാരുടെ സേവനം പ്രധാനപ്പെട്ടതാണെന്നും അവസരോചിതമായി ജനകീയ വിഷയങ്ങളില്‍ ഇടപെടാന്‍ പണ്ഡിതന്മാര്‍ ആര്‍ജവം കാണിക്കണമെന്നും പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
ഐ സി എഫ് ദുബൈ സെന്‍ട്രല്‍ നോളജ് ക്ലബ്ബ് സംഘടിപ്പിച്ച പണ്ഡിത സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹിക രംഗം മലീമസമായിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ പണ്ഡിതര്‍ മൗനം പാലിക്കുന്നത് സമൂഹത്തില്‍ അരാജകത്വം സ്രഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുന്നി പ്രസ്ഥാനത്തിനെതിരെ സമീപ കാലത്തുണ്ടായ ദുരാരോപണങ്ങളില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്നും ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിട്ട പാരമ്പര്യമാണ് സുന്നി പ്രസ്ഥാനത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ സി എഫ് ദുബൈ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂര്‍ അധ്യക്ഷത വഹിച്ചു. ദുബൈ മര്‍കസ് പ്രസിഡന്റ് എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ സംഗമം ഉദ്ഘാടനം ചെയ്തു. സയ്യിദ് അലവി പൂക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. ബി എം അഹമ്മദ് മുസ്‌ലിയാര്‍, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, സുലൈമാന്‍ കന്മനം, ആസിഫ് മൗലവി സംബന്ധിച്ചു.