മലയോരത്ത് വ്യാജ മദ്യലോബികള്‍ തഴച്ചുവളരുന്നു

Posted on: September 14, 2013 7:59 am | Last updated: September 14, 2013 at 7:59 am

രാജപുരം: വ്യാജ മദ്യലോബികള്‍ മലയോരത്ത് സജീവമായി. വിദേശ മദ്യത്തിന്റെ വീര്യം മാത്രം പോരാത്തതിനാലാണ് ഓണക്കാലം ലക്ഷ്യമിട്ട് വനപ്രദേശങ്ങളോട് ചേര്‍ന്നുളള ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജവാറ്റ് വ്യാപകമായത്. കല്ലപ്പളളി, റാണിപുരം, ബന്തടുക്ക ഉള്‍പ്പെടെയുളള വിവിധ പ്രദേശങ്ങളിലാണ് വ്യാജവാറ്റ് നടക്കുന്നത്.
ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന വ്യാജമദ്യം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വിറ്റഴിക്കുന്നു. ശര്‍ക്കര വാഷാക്കി വാറ്റി ചാരായം നിര്‍മിക്കുന്നവരും സ്പിരിറ്റ് കലര്‍ത്തി വ്യാജമദ്യം ഉണ്ടാക്കി വില്‍പ്പന നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. വ്യാജമദ്യ നിര്‍മാണം സംബന്ധിച്ച് വ്യക്തമായ വിവരമുണ്ടെങ്കിലും എക്‌സൈസ്, പോലീസ് അധികൃതര്‍ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് ബന്തടുക്കയില്‍ എക്‌സൈസ് വന്‍ചാരായ വാറ്റ് കേന്ദ്രം തകര്‍ത്തത് ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
വനമേഖലയിലെ മലനിരകളും അടിവാരങ്ങളുമാണ് പ്രധാന ഉത്പാദന കേന്ദ്രങ്ങള്‍.ഇതിനായി പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഈ സംഘങ്ങളെ പിടികൂടാത്തതിന് കാരണമായി എക്‌സൈസ് അധികൃതര്‍ പറയുന്നത് വനത്തില്‍ കയറി റെയ്ഡ് നടത്തുന്നതിനുളള നിയമപരമായ തടസവും സുരക്ഷാ സംവിധാനങ്ങളുടെ കുറവുമാണ്. ആധുനിക രീതിയിലുളള ഉപകരണങ്ങളുടെ അപര്യാപ്തതയും ഇതിന് കാരണമായിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലഹരി ലഭിക്കുമെന്നതാണ് മദ്യപാനികളെ വ്യാജമദ്യത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. ചില രാഷ്ട്രീയനേതാക്കളുടേയും എക്‌സൈസ്-പോലീസ്-വനംവകുപ്പ് ഉദ്യോഗസ്ഥരുടേയും ഓത്താശയോടെയാണ് വ്യാജച്ചാരായ മാഫിയ തഴച്ച് വളരുന്നതെന്നും ആക്ഷേപമുണ്ട്.
വനാന്തരങ്ങള്‍ക്ക് പുറമേ നദികളുടേയും തോടുകളുടേയും തീരത്തും ഇത്തരം സംഘങ്ങളുടെ സങ്കേതമാണ്. ഭൂമിക്കടിയില്‍ കുഴികള്‍ നിര്‍മിച്ച് ലിറ്റര്‍ കണക്കിന് വാഷാണ് പല പ്രദേശങ്ങളിലും തയ്യറാക്കിയിട്ടുളളത്. ചാരായത്തിന് വീര്യം കുട്ടാന്‍ ആരോഗ്യത്തിന് ഹാനികരമായ പല വിഷവസ്തുക്കളും ഉപയോഗിക്കാറുണ്ടെന്ന് മുമ്പ് എക്‌സൈസ് സംഘം പിടിച്ചെടുത്ത സാമ്പിളുകളുടെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
ചാരായ മാഫിയകളുടെ കടന്നുകയറ്റം വന്യജീവിക ളുടെ നിലനില്‍പ്പിനും ഭീഷണിയായിട്ടുണ്ട്. വനാന്തരങ്ങളിലും മറ്റും വാറ്റിയെടു ക്കുന്ന ചാരായം കുപ്പികളിലും കന്നാസുകളിലുമായാണ് വിവിധ പ്രദേശങ്ങളിലെത്തിക്കുന്നത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വലിയൊരു സംഘം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി വ്യക്തമാണെങ്കിലും അധികൃതര്‍ മൗനം പാലിക്കുന്നതോടെ ഇവരുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമായിട്ടുണ്ട്. ബന്തടുക്കയിലെ വിദേശ മദ്യശാലയില്‍ നിന്നും ഓട്ടോറിക്ഷയില്‍ മദ്യമെത്തിച്ച് കോളിച്ചാല്‍ ടൗണില്‍ വ്യാപകമായി വില്‍പ്പന നടത്തുന്നതായി പരാതിയുണ്ട്.