Connect with us

Malappuram

വില വിവരപ്പട്ടികയില്ല; വിപണിയില്‍ പകല്‍ക്കൊള്ള

Published

|

Last Updated

വണ്ടൂര്‍: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും ഗ്രാമങ്ങളിലെ കച്ചവട സ്ഥാപനങ്ങളില്‍ തോന്നുംപോലെ വില ഈടാക്കുന്നതായി പരാതി. കടകളില്‍ എത്തുന്ന ഉപഭോക്താക്കളെ പരമാവധി പിഴിയും വിധത്തില്‍ തോന്നിയ വിലയാണ് വിവിധ കടക്കാര്‍ ഈടാക്കുന്നത്.

ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ ഓരോ കടയിലും വ്യത്യസ്ത വിലയാണ് .വിവരപ്പട്ടികയില്‍ സാധനങ്ങളുടെ വില പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവുകള്‍ പല കച്ചവടക്കാരും പാലിക്കുന്നില്ല. ഇതു പരിശോധിക്കാന്‍ ആരും മെനക്കെടാറുമില്ല.
പച്ചക്കറി കടകളിലും പലചരക്ക് കടകളിലുമാണ് പകല്‍ക്കൊള്ള നടക്കുന്നത്. എല്ലാ കടയിലും വില വിവരപ്പട്ടിക നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. ഇത് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇവ പാഴ്‌വാക്കാകുകയാണ് പതിവ്. ഉള്ളിയുടെ വില കുത്തനെ ഉയര്‍ന്നപ്പോള്‍ പല കടകളിലും പലതായിരുന്ന വില. വില താഴ്ന്നപ്പോഴും ഇതു തന്നെ സ്ഥിതി. അരി, പയര്‍, മുളക്, മല്ലി തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ക്കും തോന്നും പോലെ വില ഈടാക്കുന്നു.
ഉരുളക്കിഴങ്ങ്, ഉള്ളി, സവാള, പയര്‍ വര്‍ഗങ്ങളുടെ വിലയും അനുദിനം മാറുന്നു. പഴം, പച്ചക്കറി എന്നിവയുടെ വിലയെ കുറിച്ച് പറയാതിരിക്കുകയാണു ഭേദം. പഴവര്‍ഗങ്ങള്‍ ബോര്‍ഡില്‍ തൂക്കിയിരിക്കുന്ന വിലക്കു ലഭിക്കില്ല. വില കണ്ടു സാധനം വാങ്ങാന്‍ ശ്രമിച്ചാല്‍ അതേ വില ക്കു വേറെ നല്‍കും. ഇങ്ങനെ പലതരത്തിലാണു കൊള്ള. ഓണക്കാലമായതിനാല്‍ കടകളില്‍ വന്‍ തിരക്കാണ്. ഈ തിരക്ക് മുതലെടുത്ത് വന്‍ ലാഭം കൊയ്യാനുള്ള ശ്രമത്തിലാണ് ചില കച്ചവടക്കാര്‍. കടകളില്‍ വിലനിലവാരം പ്രദര്‍ശിപ്പിച്ചാല്‍ ഒരു പരിധിവരെ കൊള്ള നടത്താനാവില്ല. എന്നാല്‍ ഇത് പരിശോധിക്കേണ്ട വകുപ്പുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ തട്ടിപ്പുകള്‍ക്ക് കളമൊരുങ്ങുകയാണ്.

 

Latest