ടി പി വധക്കേസില്‍ തട്ടി കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്

Posted on: September 14, 2013 5:15 am | Last updated: September 13, 2013 at 11:16 pm

കോഴിക്കോട്: ഒരു ഇടവേളക്ക് ശേഷം കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് വീണ്ടും പരസ്യ ഏറ്റുമുട്ടലിലേക്ക്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിനെ മുന്‍നിര്‍ത്തി എ ഗ്രൂപ്പിനെതിരെ ആഞ്ഞടിക്കാന്‍ ഐ ഗ്രൂപ്പ് പദ്ധതി. ഇതിന്റെ തുടക്കം ടി പി ചന്ദ്രശേഖരന്റെ തട്ടകമായ കോഴിക്കോട് നിന്ന് ആരംഭിച്ചു.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌നും കോഴിക്കോട് ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിനുമെതിരെ പരസ്യ നിലപാടുകളുമായി രംഗത്തെത്താന്‍ കോഴിക്കോട് ചേര്‍ന്ന ഐ ഗ്രൂപ്പിന്റെ രഹസ്യ യോഗം തീരുമാനിച്ചു. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നിന്ന് 20 പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞത് ആഭ്യന്തര വകുപ്പിന്റെ പരാജയത്താലാണെന്നും ഇതിനാല്‍ അഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്താനും ഇന്നലെ കോഴിക്കോട് ചേര്‍ന്ന ഐ ഗ്രൂപ്പിന്റെ രഹസ്യ യോഗത്തില്‍ ധാരണയായി. ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ച് ആഭ്യന്തരമന്ത്രിക്കെതിരായ പരസ്യ നിലപാട് അറിയിക്കുമെന്ന് ഒരു കെ പി സി സി സെക്രട്ടറി സിറാജിനോട് പ്രതികരിച്ചു.
ടി പി കേസ് അട്ടിമറിച്ചതില്‍ ആഭ്യന്തര മന്ത്രിയുടെ പങ്ക് വ്യക്തമാണ്. സര്‍ക്കാറിന് നാണക്കേടുണ്ടാക്കിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനു കത്ത് നല്‍കാന്‍ ഗ്രൂപ്പ് യോഗം തീരുമാനിച്ചു. ടിപി വധക്കേസില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ പോലീസ് ശ്രമിക്കുകയായിരുന്നു. ടി പി കേസ് അട്ടിമറിച്ചതിന്റെ പിന്നിലെ കളികള്‍ സംബന്ധിച്ച് പാര്‍ട്ടി വേദികളില്‍ പ്രചാരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു.
ഐ ഗ്രൂപ്പ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് കോഴിക്കോട് ഇന്നലെ രഹസ്യ യോഗം ചേര്‍ന്നതെന്നാണ് വിവരം. ടി പി കേസില്‍ ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച് ഐ ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാക്കളായ കെ മുരളീധരനും കെ സുധാകരനും ഇതിനകം രംഗത്തെത്തിയിരുന്നു. ഇതിന്റെ പിന്തുടര്‍ച്ച എന്ന നിലയിലാണ് കോഴിക്കോട് ജില്ലയിലെ ഐ ഗ്രൂപ്പിന്റെ പ്രധാന ഭാരവാഹികളെയെല്ലാം ഉള്‍ക്കൊള്ളിച്ച് യോഗം ചേര്‍ന്നത്.
ടി പി കേസുമായി ബന്ധപ്പെട്ട് ചാനലുകളിലും മറ്റും ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനത്തെ ശക്താമായി പ്രതിരോധിക്കുന്ന കോഴിക്കോട് ഡി സി സി പ്രസിഡന്റും എ ഗ്രൂപ്പ് നേതാവുമായ കെ സി അബുവിനെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശമാണുണ്ടായത്. അബുവിനെ ബഹിഷ്‌കരിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ ജില്ലയില്‍ നിന്നുള്ള ഐ ഗ്രൂപ്പിന്റെ കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ എന്‍ സുബ്രഹ്മണ്യനെയും അനില്‍ കുമാറിനെയും യോഗം ചുമതലപ്പെടുത്തിയതായാണ് വിവരം.
ഏകാധിപതിയെപ്പോലെയാണ് അബു പെരുമാറുന്നതെന്നും ഡി സി സിയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുകയാണെന്നും ഐ ഗ്രൂപ്പ് ആരോപിക്കുന്നു. അബു ഡി സി സി പ്രസിഡന്റായ ശേഷം 13 മണ്ഡലം പ്രസിഡന്റുമാരെ മാറ്റി. ബ്ലോക്ക് മണ്ഡലം കമ്മിറ്റികളില്‍ ഐ ഗ്രൂപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി പുനസംഘന നടത്തുന്നില്ല. ജില്ലാ കോര്‍ കമ്മിറ്റി യോഗം ചേരുന്നില്ല. ഒരു ഗ്രൂപ്പിന്റെ താത്പര്യത്തിന് അനുസരിച്ച് അദ്ദേഹത്തിന് തോന്നിയപോലെയാണ് പ്രവര്‍ത്തിക്കുന്നത്. അബുവിന്റെ ഏകാധിപത്യ പ്രവണത ഇനിയും അംഗീകരിച്ച് കൊടുക്കേണ്ടതില്ലെന്നുമാണ് ഐ ഗ്രൂപ്പിന്‍രെ നി ലപാട്. ഐ ഗ്രൂപ്പ് പരസ്യ നിലപാട് അറിയിച്ചിട്ടും മാറ്റം ഉണ്ടാകുന്നില്ലെങ്കില്‍ ഡി സി സിയുമായി സഹകരിക്കേണ്ടെന്നും യോഗം തീരുമാനമെടുത്തതായാണ് വിവരം.
നഗരത്തിലെ ഒരു ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ എന്‍ സുബ്രഹ്മണ്യന്‍, അനില്‍കുമാര്‍ സെക്രട്ടറിമാരായ പ്രവീണ്‍കുമാര്‍, കെ ജയന്ത്, ഐ ഗ്രൂപ്പിന്റെ ഡി സി സി ഭാരവാഹികള്‍, കെ പി സി സി മെമ്പര്‍മാര്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, മുന്‍ കെ പി സി സി- ഡി സി സി- ബ്ലോക്ക് ഭാരവാഹികളാണ് യോഗത്തില്‍ പങ്കെടുത്തത്.