റോഡ് നവീകരണത്തിന് വയനാടിന് 37 കോടി: മന്ത്രി ഇബ്‌റാഹീം കുഞ്ഞ്

Posted on: September 14, 2013 6:00 am | Last updated: September 13, 2013 at 10:42 pm

കല്‍പറ്റ: മഴമൂലം നശിച്ച വയനാട് ജില്ലയിലെ റോഡുകള്‍ നവീകരിക്കുന്നതിന് 37.32 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. ജില്ലയിലെ റോഡുകള്‍ നന്നാക്കുന്നതിന് 12.32 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.
ഇതിന് പുറമെയാണ് 25 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ പ്രത്യേക അനുമതി നല്‍കിയിരിക്കുന്നത്. മഴമൂലം 22 റോഡുകളില്‍ 239 കി.മീ. റോഡ് തകര്‍ന്നിട്ടുണ്ട്. ഈ റോഡുകളില്‍ 152 പ്രവൃത്തികള്‍ ചെയ്യാനുണ്ട്. ഇതിനു പുറമെ പനന്തറ പാലം, മാനന്തവാടിയിലെ ചെറുപുഴ പാലം എന്നിവയ്ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ഈ രണ്ട് പാലങ്ങളുടെയും കേടുപാടുകള്‍ സംബന്ധിച്ച് പഠനം നടത്തി അവ പരിഹരിക്കുന്നതിനുള്ള ഡിസൈന്‍ തയ്യാറാക്കാന്‍ 16 ലക്ഷം രൂപ അനുവദിക്കും.
ഒരു മാസത്തിനുള്ളില്‍ ഡിസൈന്‍ തയ്യാറാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി. തുടങ്ങിയ ഏജന്‍സികളുടെ പ്രവര്‍ത്തനംമൂലവും ജില്ലയില്‍ റോഡിന് കേടുപാടുണ്ടായിട്ടുണ്ട്. എട്ടോളം റോഡുകള്‍ക്കാണ് ഇത്തരത്തില്‍ നാശം ഉണ്ടായിരിക്കുന്നത്.
കല്‍പ്പറ്റ റസ്റ്റ് ഹൗസ് റോഡ്, മാനന്തവാടി-കല്‍പ്പറ്റ, സു.ബത്തേരി-മലവയല്‍-അമ്പുകുത്തി, ടി.ബി.ചുങ്കം റോഡ്, സു.ബത്തേരി-പുല്‍പ്പള്ളി, ഇരുളം-മൂന്നാനക്കുഴി-മീനങ്ങാടി, മിനങ്ങാടി-കുമ്പളേരി-അമ്പലവയല്‍, മുള്ളന്‍കൊല്ലി-പാടിച്ചിറ-കബനിഗിരി-മരക്കടവ്-പെരിക്കല്ലൂര്‍ എന്നീ റോഡുകളാണ് മറ്റ് ഏജന്‍സികളുടെ പ്രവൃത്തികള്‍മൂലം തകര്‍ന്നത്. ഇങ്ങനെയുള്ള പ്രവൃത്തികളില്‍ ഇനിമേല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഇനിമേലില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയുടെ അനുമതിയോടെ മാത്രമെ ഇത്തരം സ്ഥാപനങ്ങളുടെ പ്രവൃത്തികള്‍ നിര്‍വ്വഹിക്കാനാവൂ.
ഈ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 766 (പഴയ എന്‍.എച്ച്.212) ല്‍ 9 കി.മീ.ദൂരം മഴമൂലം ശോചനീയാവസ്ഥയിലായിരുന്നു. ഇതില്‍ ലക്കിടി മുതല്‍ ചുണ്ടേല്‍ വരെയുള്ള ദൂരം അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കിയതായി മന്ത്രി അറിയിച്ചു.
ചുരം ബദല്‍ റോഡ് സര്‍ക്കാരിന്റെ സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. ചുരത്തിലെ വളവുകള്‍ ഇന്റര്‍ലോക്ക് പാകുന്ന പ്രവൃത്തിയും ഓണം കഴിഞ്ഞാല്‍ തുടങ്ങും. ആറ് ഹെയര്‍പിന്‍ വളവുകളും ചിപ്പിലിത്തോട് വളവും ആണ് ഇന്റര്‍ലോക്ക് പാകുന്നത്. 85 ലക്ഷം രൂപയാണ് ഇതിന് ചെലവ്.