Connect with us

Kannur

തിരുവോണം; നാടും നഗരവും ഉത്സവത്തിമിര്‍പ്പില്‍

Published

|

Last Updated

കണ്ണൂര്‍: തിരുവോണത്തിന് മൂന്നുനാള്‍ മാത്രം ശേഷിക്കേ നാടും നഗരവും ഉത്സവത്തിരക്കില്‍ അമരുന്നു. തിരക്കിനൊപ്പം പച്ചക്കറി ഉള്‍പ്പെടെയുള്ള എല്ലാ സാധനങ്ങളുടെയും വില ഉയര്‍ന്നതു സാമ്പത്തികമായും ജനങ്ങളെ വീര്‍പ്പുമുട്ടിക്കുന്നുണ്ട്. എങ്കിലും കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴംചൊല്ലിനെ അന്വര്‍ഥമാക്കാനുള്ള ഒരുക്കത്തിലാണ് ജനങ്ങള്‍. ഓണത്തോടനുബന്ധിച്ചു നഗരത്തില്‍ മേളകളുടെ പൂരമാണു നടക്കുന്നത്.

കണ്ണൂരില്‍ ആദ്യമായി എത്തിയ ദേശീയ സരസ് മേളയാണ് ഇത്തവണമേളകളുടെ രാജാവ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല വസ്തുക്കളും വസ്ത്രങ്ങളുമാണു മേളയുടെ സവിശേഷത. കൈത്തറി തുണിത്തരങ്ങള്‍ക്കു മാത്രമായി പോലീസ് മൈതാനിയില്‍ ആരംഭിച്ച കൈത്തറി മേളയിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള 80 ഓളം സഹകരണ സംഘങ്ങളാണു കൈത്തറി മേളയില്‍ പങ്കെടുക്കുന്നത്. പോലീസ് മൈതാനിയില്‍ തന്നെ ജില്ലാ പഞ്ചായത്തിന്റെ കാര്‍ഷിക പ്രദര്‍ശന വിപണന മേളയും നടക്കുന്നു. കണ്ണൂര്‍ ടൗണ്‍ ഹാള്‍ പരിസരത്തു കുടുംബശ്രീയുടെ പ്രത്യേക മേളയും ജയ്പൂര്‍ കരകൗശല മേളയും ഒരുക്കിയിട്ടുണ്ട്. ഖാദി ഉത്പന്ന പ്രിയര്‍ക്കായി ഖാദി ടവറില്‍ ഖാദി മേളയും നടക്കുന്നു.
ടൗണ്‍ സ്‌ക്വയറില്‍ കൃഷി വകുപ്പും മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യയും പ്രത്യേക വിപണന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ഹാളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് ആരംഭിച്ച വിപണന കേന്ദ്രവും ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നു. വിവിധ വ്യാപാര സ്ഥാപനങ്ങളും കമ്പനികളും ഓണക്കാലത്ത് ഉത്പന്നങ്ങള്‍ക്കു വിലക്കിഴിവുകള്‍ പ്രഖ്യാപിച്ചും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. സാധാരണ ഗതിയില്‍ നേരത്തെ തന്നെ സജീവമാകാറുള്ള പൂവിപണി ഇനിയും സജീവമായിട്ടില്ല. കേരളത്തിലെ ഓണം ലക്ഷ്യമിട്ടു കൃഷി നടത്തുന്ന അന്യസംസ്ഥാനങ്ങളിലെ പൂപ്പാടങ്ങളില്‍ ഉത്പാദനം കുറഞ്ഞതാണ് പൂവിപണിക്കു തിരിച്ചടിയായത്. വരും ദിവസങ്ങളില്‍ പൂവിപണി സജീവമാകുമെന്നാണു കരുതുന്നത്. പൂപ്പാടങ്ങളില്‍ ഉത്പാദനം കുറഞ്ഞതിനാല്‍ ഇക്കുറി പൂവുകള്‍ക്കു വില ഉയരാനാണു സാധ്യത.
നഗരത്തിലെ പാതയോരങ്ങളെല്ലാം തന്നെ വഴി വാണിഭക്കാര്‍ ഇത്തവണ നേരത്തെ തന്നെ കൈയടക്കിയിരിക്കുകയാണ്. പാതയോരങ്ങളില്‍ കച്ചവടം അനുവദിക്കില്ലെന്നു നഗരസഭയും പോലീസും പതിവുപോലെ ഇത്തവണയും പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. സ്‌റ്റേഡിയം കോര്‍ണര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം തന്നെ വഴിവാണിഭം പൊടിപൊടിക്കുകയാണ്. ഓണത്തോടുനുബന്ധിച്ചുള്ള തിരക്കുകള്‍ ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നഗരത്തില്‍ ഏതുസമയവും വാഹനങ്ങളുടെ നീണ്ട നിരയാണ്. പോലീസ് മൈതാനം ഒഴികെ മറ്റെവിടെയും പാര്‍ക്കിംഗ് സംവിധാനം ക്രമീകരിക്കാത്തതും ഏറെ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. ടൗണ്‍ സ്‌ക്വയറില്‍ വാഹന പാര്‍ക്കിംഗിനായി ഒഴിച്ചിട്ട സ്ഥലം പോലും വിപണന സ്റ്റാളുകള്‍ക്കായി അനുവദിച്ചതോടെ ഇവിടെ എത്തുന്നവര്‍ക്കു വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഇരുചക്രവാഹനങ്ങള്‍ റോഡരികിലാണു നിര്‍ത്തിയിടുന്നത്. എന്നാല്‍ ഒരു ദാക്ഷിണ്യവുമില്ലാതെ പോലീസ് ഇവരില്‍ നിന്നും പിഴ ഈടാക്കുകയാണ്. പാര്‍ക്കിംഗ് സൗകര്യത്തെക്കുറിച്ചു വാഹന ഉടമകള്‍ പോലീസിനോടു ചോദിച്ചാല്‍ അക്കാര്യം തങ്ങള്‍ക്കറിയേണ്ടെന്ന നിലപാടാണു പോലീസ് പുലര്‍ത്തുന്നതെന്നും ആക്ഷേപമുണ്ട്.

Latest