മുക്കത്ത് വന്‍ മണല്‍ വേട്ട

Posted on: September 13, 2013 11:01 am | Last updated: September 13, 2013 at 11:01 am

മുക്കം: മുക്കത്തും പരിസര പ്രദേശങ്ങളിലും പോലീസ് മണല്‍ വേട്ട കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുക്കം അഗസ്ത്യന്‍മുഴി പാലത്തിന് സമീപത്ത് നിന്ന് ലോറിയില്‍ കയറ്റാന്‍ പാകത്തില്‍ ചാക്കുകളില്‍ വാരി സൂക്ഷിച്ച 235ഓളം ചാക്ക് മണല്‍ പിടികൂടി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മണല്‍ പിടികൂടിയത്. പിന്നീട് പഞ്ചായത്തിന് കൈമാറിയ മണല്‍ 22000 രൂപക്ക് ലേലം ചെയ്തു. മുക്കം എസ് ഐ അബ്ദുര്‍റഹ്മാന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജുതോമസ്, അനസ് എന്നിവരാണ് മണല്‍ പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം കാരശ്ശേരി കൂടങ്ങര മുക്കില്‍ നിന്ന് 110 ചാക്ക് മണലും കാരശ്ശേരി കല്‍പ്പുഴായി കടവില്‍ നിന്ന് രണ്ട് ലോഡ് മണലും കൊടിയത്തൂരില്‍ നിന്ന് ഒരു ലോഡ് മണലും പോലീസ് പിടിച്ചെടുത്തിരുന്നു. മണല്‍ വേട്ട കൂടുതല്‍ കര്‍ശനമാക്കുമെന്ന് പോലീസ് പറഞ്ഞു.