Connect with us

National

ഡല്‍ഹി കൂട്ടബലാത്സംഗം: ശിക്ഷ ഇന്ന് വിധിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ ശിക്ഷ അല്‍പ്പസമയത്തിനകം ഡല്‍ഹിയിലെ സാകേത് കോടതി വിധിക്കും. കേസിലെ നാലു പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വിധിയുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദയാന്‍ കൃഷ്ണന്‍ അന്തിമ വാദത്തിനിടെ കോടതിയോട് ആവശ്യപ്പെട്ടു.

ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ക്ക് പുറമെ വധശ്രമം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, പ്രകൃതിവിരുദ്ധ പീഡനം, കൊലപാതകം ലക്ഷ്യമിട്ട് തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ പതിമൂന്ന് വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. പ്രതികളായ മുകേഷ് (26), വിനയ് ശര്‍മ (20), പവന്‍ ഗുപ്ത (19), അക്ഷയ് സിംഗ് താക്കൂര്‍ (28) എന്നിവര്‍ക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകള്‍ പ്രകാരവും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, മൂന്ന് വര്‍ഷത്തേക്ക് ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനാണ് വിധിച്ചത്. കേസിലെ പ്രതിയും ബലാത്സംഗം നടന്ന ബസിന്റെ ഡ്രൈവറുമായ രാംസിംഗ് തിഹാര്‍ ജയിലില്‍ തൂങ്ങി മരിക്കുകയായിരുന്നു.

2012 ഡിസംബര്‍ പതിനാറിനാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. ഓടുന്ന ബസില്‍ ബലാത്സംഗത്തിനിരയായി അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.

Latest