Connect with us

International

രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തിലാക്കാന്‍ തയ്യാര്‍: അസദ്‌

Published

|

Last Updated

മോസ്‌കോ: രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തിലാക്കാന്‍ തയ്യാറാണെന്ന് സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ് പ്രഖ്യാപിച്ചു. ആയുധങ്ങള്‍ അന്താരാഷ്ട്ര നിയന്തണത്തില്‍ കൊണ്ടുവരണമെന്ന റഷ്യന്‍ നിര്‍ദേശം തന്റെ രാജ്യത്തിന് സ്വീകാര്യമാണെന്നും ഇത്തരമൊരു തീരുമാനമെടുക്കുന്നത് അമേരിക്കയുടെ ആക്രമണം ഭയന്നല്ലെന്നും റഷ്യന്‍ ടെലിവിഷന് നല്ഡകിയ അഭിമുഖത്തില്‍ അസദ് വ്യക്തമാക്കി. റഷ്യ മുന്‍കൈയെടുത്ത് നടത്തുന്ന ശ്രമങ്ങളെ രാജ്യം വിലമതിക്കുന്നത് കൊണ്ടാണ് ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആയുധങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ രേഖകള്‍ യു എന്നിന് സമര്‍പ്പിക്കുമെന്നും അസദ് വ്യക്തമാക്കി. റഷ്യയുടെയും അമേരിക്കയുടെയും വിദേശകാര്യ മന്ത്രിമാര്‍ ജനീവയില്‍ ചര്‍ച്ച നടത്താനിരിക്കെയാണ് അസദിന്റെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. റഷ്യന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള റോസിയാ 24 എന്ന ചാനലാണ് അസദിന്റെ അഭിമുഖം സംപ്രേഷണം ചെയ്തത്.
റഷ്യന്‍ അനുരഞ്ജന പദ്ധതിയില്‍ മൂന്ന് നിര്‍ദേശങ്ങളാണ് പ്രധാനമായും ഉള്ളത്: ഒന്ന്, സിറിയ രാസായുധ വിരുദ്ധ ഉടമ്പടിയില്‍ ഒപ്പ് വെക്കണം. രണ്ട്, രാസായുധങ്ങള്‍ എവിടെയാണ് സംഭരിച്ചിട്ടുള്ളതെന്നും ഭാവി പരിപാടികളുടെ വിശദാംശങ്ങളും വിദഗ്ധര്‍ക്ക് മുമ്പാകെ വെളിപ്പെടുത്തണം. മൂന്ന്, മറ്റെന്തെങ്കിലും നടപടികള്‍ ആവശ്യമാണോ എന്ന് വിദഗ്ധര്‍ വ്യക്തമാക്കും. ഈ മൂന്ന് നിര്‍ദേശങ്ങളും സിറിയ അംഗീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സെര്‍ജി ലാവ്‌റോവ് നേരത്തേ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. റഷ്യയുടെ സമാധാന പദ്ധതി “കൊള്ളാം പക്ഷേ, ദുഷ്‌കരം” എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്.