പരോക്ഷ യുദ്ധം ശക്തമാക്കാന്‍ അമേരിക്ക

Posted on: September 13, 2013 1:54 am | Last updated: September 13, 2013 at 1:54 am

usവാഷിംഗ്ടണ്‍/ദമസ്‌കസ്: സിറിയക്കെതിരെ പ്രത്യക്ഷ ആക്രമണത്തിന് പിന്തുണ നേടിയെടുക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട അമേരിക്ക പരോക്ഷ സൈനിക നീക്കം ശക്തമാക്കുന്നു. സിറിയന്‍ വിമതര്‍ക്ക് കൂടുതല്‍ ആയുധം നല്‍കി ആക്രമണം ശക്തമാക്കാകുയെന്നതാണ് പുതിയ തന്ത്രം. അമേരിക്കന്‍ ചാര സംഘടനയായ സി ഐ എ ആയുധ വിതരണം തുടങ്ങിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ടാഴ്ച മുമ്പ് തന്നെ ആയുധവും മറ്റു സാമഗ്രികളും സിറിയയിലെ വിമത ശക്തി കേന്ദ്രങ്ങളിലേക്ക് എത്തിത്തുടങ്ങിയിരുന്നുവെന്നും ലോക വേദികളിലും അമേരിക്കന്‍ കോണ്‍ഗ്രസിലും പ്രസിഡന്റ് ഒബാമ ഒറ്റപ്പെട്ടതോടെ ഇത് ഊര്‍ജിതമായിട്ടുണ്ടെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ആയുധങ്ങള്‍ക്ക് പുറമെ യുദ്ധമുഖത്ത് ഉപയോഗിക്കുന്ന വാഹനങ്ങള്‍, വാര്‍ത്താ വിനിമയ സാമഗ്രികള്‍, മെഡിക്കല്‍ കിറ്റുകള്‍ എന്നിവ വിമതര്‍ക്ക് നല്‍കുന്നുണ്ട്.
വിമതരെ ആയുധ സജ്ജരാക്കിയാല്‍ അവരെ ഉപയോഗിച്ച് തന്നെ അസദിനെ താഴെയിറക്കാമെന്ന പ്രതീക്ഷയിലാണ് സി ഐ എ. രണ്ട് വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ വിമതര്‍ക്ക് അറബ് ലീഗ് രാഷ്ട്രങ്ങള്‍ വന്‍ തോതില്‍ ആയുധവും പണവും നല്‍കുന്നുണ്ട്. ഇതിന് പുറമേയാണ് സി ഐ എയുടെ ഫണ്ടില്‍ ആയുധങ്ങളെത്തുന്നത്.
വാര്‍ത്താ ഏജന്‍സി ഇതുസംബന്ധിച്ച് ആരാഞ്ഞപ്പോള്‍ ഒരു മുതിര്‍ന്ന സി ഐ എ മേധാവി പ്രതികരിച്ചത്, ഇക്കാര്യം നിഷേധിക്കാനില്ല, എന്നാല്‍ പരസ്യമായി സമ്മതിക്കാനുമാകില്ലെന്നാണ്. അതിനിടെ, സിറിയയില്‍ ‘പോരാടുന്ന ജനത’ക്ക് കൂടുതല്‍ സഹായം നല്‍കുമെന്ന് വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി ജേ കാര്‍ണി പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം, ആയുധ സഹായം വര്‍ധിപ്പിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ സിറിയന്‍ പ്രതിപക്ഷ സഖ്യത്തിന്റെ വക്താവ് ഖാലിദ് സലേഹ് സ്വാഗതം ചെയ്തു. എന്നാല്‍ സഹായം അപര്യാപ്തമാണെന്നും അസദിന്റെ സൈന്യത്തെ തകര്‍ക്കാന്‍ ലോകശക്തികള്‍ കൂടുതല്‍ സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വളരെ കുറച്ച് സഹായമേ ലഭിക്കുന്നുള്ളൂ. ബശര്‍ അല്‍ അസദിന് ഇറാനില്‍ നിന്നും റഷ്യയില്‍ നിന്നും ലഭിക്കുന്ന സഹായം വെച്ച് നോക്കുമ്പോള്‍ ഇത് തികച്ചും അപര്യാപ്തമാണ്- ഖാലിദ് പറഞ്ഞു.
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി ചര്‍ച്ച നടത്താനായി യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ജനീവയിലേക്ക് തിരിച്ചിട്ടുണ്ട്. നയതന്ത്ര ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്. ഈ പ്രക്രിയക്ക് സമയമെടുക്കും. ഇക്കാര്യത്തില്‍ അമേരിക്ക സമയക്രമമൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് ജേ കാര്‍ണി വാര്‍ത്താ ലേഖകരോട് പറഞ്ഞു. ബശര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ കൈവശമുള്ള രാസായുധങ്ങള്‍ കണ്ടെത്തി അന്താരാഷ്ട്ര സമൂഹത്തിന് കൈമാറുക മാത്രമാണ് ആക്രമണം ഒഴിവാക്കാനുള്ള മാര്‍ഗം. ഇതിനുള്ള പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്. സാങ്കേതികമായ ആ നടപടികള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണ്. വിശ്വാസ്യ യോഗ്യമായിരിക്കണം ആ പ്രക്രിയകള്‍. ലോകത്തിന് അത് ബോധ്യപ്പെടണം. മധ്യസ്ഥം വഹിക്കുന്നവര്‍ ഈ വസ്തുതക്ക് ഊന്നല്‍ നല്‍കണമെന്നും ജേ കാര്‍ണി വിശദീകരിച്ചു.