മുലായം സിംഗ് യു പിയിലെ മോഡി: അജിത് സിംഗ്‌

Posted on: September 13, 2013 1:28 am | Last updated: September 13, 2013 at 1:28 am

ajit-singh2-505_060512080335ഗാസിയാബാദ്: മുലായം സിംഗ് ഉത്തര്‍ പ്രദേശിലെ നരേന്ദ്ര മോഡിയാണെന്ന് ആര്‍ എല്‍ ഡി നേതാവ് അജിത് സിംഗ്. മുസാഫര്‍നഗര്‍ സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ എസ് പി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗ് ഗുരുതരമായ ഈ താരതമ്യം നടത്തിയിരിക്കുന്നത്. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. സര്‍ക്കാര്‍ സംവിധാനം തുടക്കത്തിലേ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അവസാനിപ്പിക്കാവുന്നതായിരുന്നു. കലാപം തടയാന്‍ സാധിക്കാത്ത മുലായം ഉത്തര്‍ പ്രദേശിലെ മോഡിയായിരിക്കുകയാണ്- കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി കൂടിയായ സിംഗ് പറഞ്ഞു. സംഘര്‍ഷബാധിത പ്രദേശമായ ഭഗ്‌വതിലേക്ക് പോകാനായി പുറപ്പെട്ട അജിത് സിംഗിനെയും സംഘത്തെയും ലോനി മേഖലയില്‍ പോലീസ് തടഞ്ഞിരുന്നു.
ഗുജറാത്തില്‍ മോഡി ചെയ്തത് പോലീസിനെ നിഷ്‌ക്രിയമാക്കുകയാണ്. ഇതുതന്നെയാണ് യു പിയിലും സംഭവിച്ചത്. തന്റെ മണ്ഡലമായ ഭഗ്‌വത് സന്ദര്‍ശിക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. ഇത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും അജിത് സിംഗ് കുറ്റപ്പെടുത്തി.