ഷോപ്പിയാനില്‍ വീണ്ടും സി ആര്‍ പി എഫ് വെടിവെപ്പ്; അനിശ്ചിതകാല കര്‍ഫ്യൂ

Posted on: September 13, 2013 1:24 am | Last updated: September 13, 2013 at 1:24 am

dpz-12spab-12ശ്രീനഗര്‍: സി ആര്‍ പി എഫ് സൈനികരുടെ വെടിയേറ്റ് നാട്ടുകാരന്‍ കൊല്ലപ്പെട്ടതിന്റെ ഭാഗമായുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നാണ് സി ആര്‍ പി എഫിന്റെ അവകാശവാദം.
ഗഗാരന്‍ ക്യാമ്പില്‍ നിയമിക്കപ്പെട്ട സൈനികരുടെ വെടിയേറ്റ് ബസ് ഡ്രൈവറായ മുഹമ്മദ് റാഫി റാത്തര്‍ (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ചയായിരുന്നു സംഭവം. ക്യാമ്പിന് സമീപത്തു കൂടെ നടന്നുപോകുകയായിരുന്ന റാഫിക്ക് നേരെ പ്രകോപനമൊന്നും കൂടാതെ സൈനികര്‍ വെടിവെക്കുകയായിരുന്നു. ഒരു പെണ്‍കുട്ടിയടക്കം രണ്ട് പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ വെടിവെച്ചില്ലെന്നാണ് സി ആര്‍ പി എഫ് അധികൃതര്‍ പറയുന്നത്. സൈനികരെ തെരുവുകളില്‍ വിന്യസിച്ചിട്ടുമില്ലെന്ന് സി ആര്‍ പി എഫ് വക്താവ് കിഷോര്‍ പ്രസാദ് പറഞ്ഞു.
സംഭവം പോലീസ് അന്വേഷിക്കുകയാണെന്ന് കാശ്മീര്‍ ഐ ജി അബ്ദുല്‍ ഗനി മീര്‍ പറഞ്ഞു. നാല് പേര്‍ കൊല്ലപ്പെട്ട കഴിഞ്ഞ ശനിയാഴ്ച ഗഗാരനിലുണ്ടായ സൈനിക വെടിവെപ്പും അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അന്ന് കൊല്ലപ്പെട്ട മൂന്ന് പേര്‍ക്ക് തീവ്രവാദ സംഘടനകളുമായി യാതൊരു ബന്ധമുണ്ടായിരുന്നില്ലെന്നും നാട്ടുകാരായിരുന്നെന്നും ഐ ജി പറഞ്ഞു. എന്നാല്‍ നാലാമത്തെയാള്‍ തീവ്രവാദിയായിരുന്നു. ബീഹാറില്‍ നിന്നുള്ള തൊഴിലാളിയാണ് നാലാമനെന്ന് പ്രദേശവാസികള്‍ പറഞ്ഞത് തെറ്റാണെന്നും അയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി ഐ ജി പറഞ്ഞു.
ഷോപ്പിയാനിലെ പുതിയ സംഭവത്തെ തുടര്‍ന്ന് കാശ്മീര്‍, ചെനാബ് മേഖലകളിലെ കിശ്ത്വാര്‍, ദോഡ, രംഭാന്‍ എന്നീ ജില്ലകളില്‍ ബന്ദിന് സയ്യിദ് അലി ഗീലാനി ആഹ്വാനം ചെയ്തിരുന്നു. ഇന്ന് ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ധര്‍ണ നടത്താന്‍ ജമ്മു ആന്‍ഡ് കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ചെയര്‍മാന്‍ മുഹമ്മദ് യാസീന്‍ മാലിക് പദ്ധതിയിട്ടിട്ടുണ്ട്. സുരക്ഷാ സ്ഥിതി വിലയിരുത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ഉന്നതതല യോഗം വിളിച്ചിരുന്നു.