National
കര്‍ഫ്യൂവില്‍ ഇളവ്; സാധാരണ നിലയിലേക്ക്

ലക്‌നോ: മുസാഫര്‍നഗറില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ ഏഴ് മണിക്കൂര്‍ ഇളവ് വരുത്തി. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലാണ് കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയത്. അതേസമയം, സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സാധാരണ നിലയിലാകുന്നുണ്ട്. രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ പറഞ്ഞു. കടകമ്പോളങ്ങള്‍ തുറന്നെങ്കിലും സ്‌കൂളുകളും കോളജുകളും തിങ്കളാഴ്ചയേ തുറക്കൂ.
അതിനിടെ, ഭഗ്‌വത് ഗ്രാമത്തില്‍ നിന്ന് എ കെ 47 തോക്കിന്റെ 41 വെടിത്തിരകള്‍ കണ്ടെത്തിയത് അധികൃതര്‍ക്ക് പുതിയ തലവേദനയായിട്ടുണ്ട്. പോലീസ് സംഘം ഗ്രാമത്തിലെത്തിയപ്പോള്‍ ജനങ്ങള്‍ കല്ലെറിഞ്ഞതായി ഭഗ്‌വത് എസ് പി ലക്ഷ്മി സിംഗ് പറഞ്ഞു. ഗ്രാമത്തില്‍ പോലീസ് സമാധാന യോഗം വിളിച്ചിട്ടുണ്ട്. വെടിത്തിരകള്‍ എങ്ങനെയാണ് ഗ്രാമീണരുടെ കൈകളില്‍ എത്തിയതെന്നും അവര്‍ എന്തിനാണ് അത് സൂക്ഷിച്ചതെന്നും അന്വേഷിക്കാന്‍ സംഘത്തെ നിയോഗിച്ചതായി ലക്ഷ്മി സിംഗ് അറിയിച്ചു.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടുത്തയാഴ്ച മുസാഫര്‍നഗര്‍ സന്ദര്‍ശിക്കും. യു പിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയ സമയത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസും അര്‍ധ സൈനിക വിഭാഗവും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ചൊവ്വാഴ്ച അഞ്ച് മണിക്കൂര്‍ കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയിരുന്നു. ഇതുവരെ 408 പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഭയന്ന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളടക്കം നിരവധി പേര്‍ ഒളിവിലാണ്.