ഒബാമയുടെ പിന്മാറ്റം ഗത്യന്തരമില്ലാതെ

Posted on: September 13, 2013 6:00 am | Last updated: September 13, 2013 at 1:13 am

siraj copyപശ്ചിമേഷ്യയില്‍ ഉരുണ്ടുകൂടിയ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ വിട്ടൊഴിയുന്ന ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. സിറിയക്കെതിരായ സൈനിക നടപടി താത്കാലികമായി നിര്‍ത്തിവെച്ചതായി യു എസ് പ്രസിഡണ്ട് ഒബാമ അറിയിക്കുകയുണ്ടായി. നയതന്ത്ര പരിഹാരത്തിന് റഷ്യ രംഗത്ത് വരികയും അതിനോട് സഹകരിക്കാന്‍ സിറിയ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സൈനിക നടപടിക്ക് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം തേടാനുള്ള ശ്രമം നീട്ടിവെച്ചതെന്നാണ് ഒബാമയുടെ വിശദീകരണ മെങ്കിലും പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസില്‍ പരാജയപ്പെടുമെന്ന പേടിയാണ് യഥാര്‍ഥ കാരണം. നൂറംഗ സെനറ്റിലെ നാലിലൊന്ന് പേരും 435 അംഗ പ്രതിനിധി സഭയിലെ 25 പേരും മാത്രമാണ് ഒബാമയുടെ പ്രമേയത്തിന് പരസ്യപിന്തുണ അറിയിച്ചത്. പ്രതിനിധി സഭാംഗങ്ങളില്‍ 230 പേരും പ്രമേയത്തെ എതിര്‍ക്കാനാണ് സാധ്യതയെന്ന് ബി ബി സി സര്‍വേ വെളിപ്പെടുത്തുന്നു. 17 സെനറ്റര്‍മാരും 111 പ്രതിനിധി സഭാംഗങ്ങളും പ്രമേയത്തിനെതിരായി പരസ്യമായി രംഗത്ത് വന്നിട്ടുമുണ്ട്.
അമേരിക്കന്‍ ജനതയില്‍ ഭൂരിഭാഗവും സൈനിക നടപടിക്ക് എതിരാണെന്നും അഭിപ്രായ വോട്ടെടുപ്പുകള്‍ കാണിക്കുന്നു. യു എസിന്റെ ഇറാഖ് അധിനിവേശത്തില്‍ നിന്ന് ഒരു യുദ്ധത്തിന്റെ കെടുതികളും ദുരിതങ്ങളും അമേരിക്കന്‍ ജനത നന്നായി പഠിച്ചിട്ടുണ്ട്. മൂന്ന് ലക്ഷം കോടി ഡോളര്‍ ചെലവിട്ട് അമേരിക്ക നടത്തിയ ഇറാഖ് ഓപറേഷനില്‍ അവര്‍ക്ക് നഷ്ടമായത് 5000 ലേറെ സൈനികരാണ്. യുദ്ധത്തിന്റെ കെടുതികള്‍ കണ്ടും അത് സൃഷ്ടിച്ച മാനസികാഘാതം മൂലവും ആത്മഹത്യ ചെയ്ത യു എസ് ഭടന്മാര്‍ രണ്ടായിരത്തോളം വരും. 30,000 ത്തിലധികം സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൂടാതെ 2011ല്‍ അമേരിക്കന്‍ സേന ഇറാഖ് വിട്ടൊഴിയുമ്പോള്‍ എംബസിയിലെ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും എണ്ണം കുത്തനെ വര്‍ധിപ്പിച്ചതും അമേരിക്കക്ക് വലിയൊരു സാമ്പത്തിക ബാധ്യതയായിട്ടുണ്ട്. 8000 പേരാണ് എംബസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നത്. അവരുടെ എണ്ണം ഇരട്ടിയാക്കുകയും 2000 സൈനിക ഉദ്യോഗസ്ഥരെ എംബസിയുടെ സുരക്ഷക്കായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. യു എസിനെ വരിഞ്ഞുമുറുക്കുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ മുഖ്യ കാരണം അഫ്ഗാന്‍, ഇറാഖ് യുദ്ധങ്ങളാണെന്ന് സാമ്പത്തിക വിഗദഗ്ധര്‍ വിലയിരുത്തുന്നു. യു എസ് സൈനികരെ കൊലക്കളത്തിലേക്കെറിഞ്ഞു കൊടുത്തും സ്വന്തം ജനതയെ പട്ടിണിക്കിട്ടും ഇറാഖിനെ നശിപ്പിക്കാന്‍ ഒരുമ്പെട്ട ഭരണകൂട നടപടിക്കെതിരെ അന്ന് അമേരിക്കയിലുടനീളം പ്രതിഷേധം അരങ്ങേറിയിരുന്നു. ഇപ്പോള്‍ സിറിയക്കെതിരായ സൈനിക പുറപ്പാടിലും യു എസില്‍ പ്രതിഷേധം അലയടിക്കുന്നുണ്ട്.
സിറിയയിലെ രാസായുധങ്ങള്‍ പൂര്‍ണമായി അന്താരാഷ്ട്ര സമിതിക്കു മുമ്പാകെ വെക്കാനും തുടര്‍ന്ന് അവ നശിപ്പിക്കാനും സിറിയ സന്നദ്ധമാകണമെന്നായിരുന്നു റഷ്യ മുന്നോട്ട് വെച്ച നിര്‍ദേശം. നേരത്തെ അമേരിക്കക്കൊപ്പം നിന്നിരുന്ന ബ്രിട്ടന്‍, ഫ്രാന്‍സ് ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും റഷ്യയുടെ സമാധാന നീക്കത്തെ സ്വാഗതം ചെയ്യുകയുണ്ടായി. ധൃതി പിടിച്ചുള്ള സൈനിക നടപടിയെ ജി 20 ഉച്ചകോടിയില്‍ ഇന്ത്യയും എതിര്‍ത്തിരുന്നു. രാസായുധ പ്രയോഗം നടത്തിയത് സിറിയന്‍ സൈന്യമാണെന്ന് യു എന്‍ അന്വേഷണത്തില്‍ വ്യക്തമായെങ്കില്‍ മാത്രം സൈനിക നടപടി മതിയെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ചിട്ടുമുണ്ട്. യു എസ് കോണ്‍ഗ്രസിലെ വോട്ടെടുപ്പില്‍ കൂടി തിരിച്ചടിയേറ്റാല്‍ തന്റെ നില കൂടുതല്‍ പരുങ്ങലിലാകുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാ യിരിക്കണം ഒബാമ ഉള്‍വലിഞ്ഞത്.
സിറിയയില്‍ സൈനിക നടപടിയല്ല നയതന്ത്ര പരിഹാരമാണ് ലോകം ആഗ്രഹിക്കുന്നത്. റഷ്യയുടെ സമാധാന ശ്രമങ്ങള്‍ക്ക് വ്യാപകമായ പിന്തുണ ലഭിക്കുന്നതും അതുകാണ്ടാണ്. സിറിയയുമായി കൂടിയാലോചിച്ചു പ്രശ്‌നപരി ഹാരത്തിന് വിശദമായ കര്‍മപദ്ധതി തയാറാക്കി വരികയാണെന്നും താമസിയാതെ യു എന്‍ രക്ഷാസമിതിയില്‍ പദ്ധതി അവതരിപ്പിക്കുമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ് റോവ് അറിയിക്കുകയുണ്ടായി. അത് ഫലവത്താകട്ടെയെന്നാണ് ആഗോള ജനതയുടെപ്രാര്‍ഥന. ഒബാമക്ക് പുറമെ ആഗോള ഭീകരന്മാരായ ഇസ്‌റാഈലിന് മാത്രമാണ് യുദ്ധം ഒഴിവാകുന്നതില്‍ കുണ്ഠിതവും നിരാശയും.