ധാര്‍മിക സംരക്ഷണത്തിന് വിദ്യാര്‍ഥികള്‍ സംസ്‌കൃതരാവണം: പൊന്മള

Posted on: September 13, 2013 1:03 am | Last updated: September 13, 2013 at 1:03 am

തിരുവനന്തപുരം: മലിനമാകുന്ന സമൂഹത്തെ ധാര്‍മികവത്കരിക്കുന്നതിന് വിദ്യാര്‍ഥികളെ സംസ്‌കൃതരാക്കുന്നതിന് ബോധപൂര്‍വ്വമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ആറായിരം യൂനിറ്റ് കേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന ‘തര്‍ബിയ’ പ്രതിമാസ പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ബീമാപള്ളിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക മാറ്റങ്ങള്‍ക്ക് കാരണമായ നിരവധി വിപ്ലവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് വിദ്യാര്‍ഥികളാണെന്നും ആത്മീയവും ആദര്‍ശ പരവുമായ പരിശീലനം ലഭിച്ച പ്രവര്‍ത്തകരാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫിയുടെ അധ്യക്ഷതയില്‍ പി എ ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നടത്തി. സിദ്ദീഖ് സഖാഫി നേമം, ശംസുദ്ദീന്‍ കാമില്‍ സഖാഫി ചെമ്പഴങ്ങി, ഹാഷിര്‍ സഖാഫി കായംകുളം, മുനീര്‍ നഈമി സംബന്ധിച്ചു. എം അബ്ദുല്‍ മജീദ് സ്വഗതവും മുഹമ്മദ് ശാഫി നന്ദിയും പറഞ്ഞു.