Connect with us

National

എസ് പിക്ക് മുസ്‌ലിം പിന്തുണ നഷ്ടമാകുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ മുസ്‌ലിം സംഘടനകളുടെ പിന്തുണ അഖിലേഷ് യാദവ് സര്‍ക്കാറിന് നഷ്ടമാകുന്നു. സമാജ്‌വാദി പാര്‍ട്ടി പരാജയമാണെന്ന് കാണിച്ച് സര്‍ക്കാറിനെ പിരിച്ചുവിടണമെന്നാണ് വിവിധ മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ എസ് പിക്ക് മുസ്‌ലിം പിന്തുണ നഷ്ടമാകുന്നത് ഗുരുതര രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് കാരണമാകും.

ജംഇയ്യത്തുല്‍ ഉലമാ ഇ ഹിന്ദ്, ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസ് മുശാവറ, ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ജംഇയ്യത്ത് അഹ്‌ലെ ഹദീസ് ഹിന്ദ് എന്നീ സംഘടനകളാണ് അഖിലേഷ് സര്‍ക്കാറിനെതിരെ രംഗത്തുവന്നത്. മുസാഫര്‍ നഗറില്‍ കലാപമുണ്ടാകാന്‍ കാരണം സര്‍ക്കാറിന്റെ വീഴ്ചയാണെന്നാണ് സംഘടനകളുടെ ആരോപണം. കലാപത്തെ ബി ജെ പി രാഷ്ട്രീയമായും സാമുദായികമായും ഉപയേഗപ്പെടുത്തി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ സാമുദായിക കലാപം ചെറുക്കാതിരുന്നതിലും 35 ഓളം പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതിലും സമാജ്‌വാദി പാര്‍ട്ടിക്ക് വലിയ പങ്കുണ്ടെന്നാണ് മുസ്‌ലിം സംഘടനകളുടെ സംയുക്ത പ്രസ്താവന പറയുന്നത്.
പരമ്പരാഗത വോട്ട് ബേങ്കെന്ന നിലയില്‍ മുസ്‌ലിം സമുദായത്തിനുള്ള ആനുകൂല്യങ്ങളോട് അഖിലേഷ് യാദവിന് അനുകൂല സമീപനമല്ലെന്നും സംഘടനകളാരോപിക്കുന്നു. എസ് പിയെ അധികാരത്തിലെത്തിച്ചതിന് പിന്നില്‍ സംസ്ഥാനത്തെ മുസ്‌ലിം സമുദായത്തിന്റെ പങ്ക് ചെറുതല്ലെന്ന് ഓര്‍ക്കണമെന്നും പ്രസ്താവന ഓര്‍മിപ്പിക്കുന്നു.
ഭരണപരാജയം തെളിഞ്ഞതിനെ തുടര്‍ന്ന് എസ് പി സര്‍ക്കാര്‍ രാജിവെച്ചൊഴിയുകയാണ് വേണ്ടത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ 200 ലേറെ സാമുദായിക സംഘര്‍ഷങ്ങളുണ്ടായതാ യിസംഘടനകള്‍ കുറ്റപ്പെടുത്തുന്നു. പോലീസ് മൗനം പാലിക്കുകയും കലാപകാരികള്‍ക്ക് സൗകര്യം ചെയ്ത് നല്‍കുകയുമാണെന്നും ധാര്‍മികമായി അഖിലേഷ് സര്‍ക്കാറിന് തുടരാന്‍ അര്‍ഹതയില്ലെന്നും സംയുക്ത പ്രസ്താവന പറയുന്നു.

Latest