Connect with us

Kannur

മോട്ടോര്‍ വാഹനവകുപ്പിന്റെ മാവേലി ഗിഫ്റ്റ് ചെക്ക് നിയമം അനുസരിച്ചവര്‍ക്ക് സമ്മാനപൊതി; ലംഘിച്ചതിന് പിഴയും

Published

|

Last Updated

ഇരിട്ടി: റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പിന്റെ മാവേലി ഗിഫ്റ്റ് ചെക്കിംഗ് വേറിട്ട അനുഭവമായി. നിയമം അനുസരിക്കുന്നവര്‍ക്ക് മാവേലിയുടെ സമ്മാനപൊതിയും നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയുമായി ഇന്നലെ രാവിലെ മുതല്‍ കീഴുരില്‍ വെച്ചാണ് തലശ്ശേരി ജോയിന്റ് ആര്‍ ടി ഒ അബ്ദുല്‍ ഷുക്കുറിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചത്.

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, സ്പീഡ് ഗവര്‍ണര്‍, നമ്പര്‍പ്ലേറ്റിന്റെ വ്യത്യാസം എന്നിങ്ങനെയായിരുന്നു കാര്യമായ പരിശോധന. മാവേലിയെ അടുത്തു നിര്‍ത്തി മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ക്ക് കൈനീട്ടിയപ്പോള്‍ രേഖകളുമായി ജീവനക്കാര്‍ ഉദ്യേഗസ്ഥര്‍ക്ക് മുന്നിലെത്തി. നിയമം അനുസരിച്ചവര്‍ക്ക് മാവേലിയുടെ അഭിനന്ദനങ്ങളോടൊപ്പം സമ്മാനപൊതികളും ലഭിച്ചു. നിയമം ലംഘിച്ചവര്‍ക്ക് പിഴയും ചുമത്തി. തലശ്ശേരി താലൂക്കില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 150ഓളം സമ്മാന പൊതികളാണ് നല്‍കിയത്. 25ഓളം കേസുകളില്‍ പിഴ ചുമത്തി. പരിശോധനയ്ക്ക് ആര്‍ ടി ഒയെക്കൂടാതെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി പി സതീശന്‍, എം വി മാരായ ടി ആര്‍ സനീഷ്, എന്‍ ആര്‍ രജിന്‍, പി വി ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.