നാട്ടിന്‍പുറങ്ങളിലെ പച്ചക്കറി കൃഷിയിനങ്ങള്‍ വിളവെടുപ്പിന് പാകമായി

Posted on: September 12, 2013 7:25 am | Last updated: September 12, 2013 at 7:25 am

വണ്ടൂര്‍: കനത്ത മഴയും കാറ്റും അതിജീവിച്ച് നാട്ടിന്‍പുറങ്ങളിലെ പച്ചക്കറി കൃഷിയിനങ്ങള്‍ വിളവെടുപ്പിനു പാകമായി. വെള്ളരി,പയര്‍,പടവലം,ചിരങ്ങ,വെണ്ട, വാഴ, പാവല്‍,മുളക്,ഇളവന്‍ തുടങ്ങിയവയാണ് പ്രധാന വിളകള്‍.
എളങ്കൂര്‍ വില്ലേജിലെ ചെറുവട്ടി, ആനക്കയം വില്ലേജിലെ പുള്ളിയിലടങ്ങാടി, പുഴങ്കാവ് തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകര്‍ വ്യാപകമായി നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പാരംഭിച്ചു. വിവിധയിനം പച്ചക്കറികളാണ് ഇവിടങ്ങളില്‍ നിന്ന് നിത്യവും കയറ്റി പോകുന്നത്.
മഞ്ചേരിയിലെ മാര്‍ക്കറ്റാണ് പ്രധാന വിപണി. 20 രൂപ വരെയാണ് പയറിന് മാര്‍ക്കറ്റില്‍ കൊടുക്കുമ്പോള്‍ വില ലഭിക്കുന്നത്. വിപണിയില്‍ അത്ര സുലഭമല്ലാത്ത പടവലത്തിന് 18 രൂപവരെയാണ് വില. ഓണ വിപണി ലക്ഷ്യമാക്കി നിലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണധികവും. അദ്ധ്വാനഭാരത്തിനൊത്ത ആദായം കിട്ടിയില്ലെങ്കിലും പരമ്പരാഗത തൊഴിലിന്റെ സംതൃപ്തി കിട്ടുന്നത് മാത്രമാണ് മിച്ചമെന്ന് കര്‍ഷകര്‍ പറയുന്നു.