Connect with us

Ongoing News

ഐ ടി സ്‌കൂള്‍: പുതിയ ലിനക്‌സ് വേര്‍ഷന്‍ പുറത്തിറക്കി

Published

|

Last Updated

തിരുവനന്തപുരം: പഠന ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന മികച്ച സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ ശേഖരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഐ.ടി. സ്‌കൂള്‍ പ്രോജക്ട് വികസിപ്പിച്ച പുതുക്കിയ ഓപ്പറേറ്റിങ് സിസ്റ്റം ഉബുണ്ടു 12.04 ന്റെ പ്രകാശനം വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വ്വഹിച്ചു

സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ ഡി.വി.ഡി. ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ ഡയറ്ടര്‍ ബിജു പ്രഭാകര്‍, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ സി.കെ.മോഹനന്‍, ഐ.ടി. സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

ഗ്നു ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റം ഉബുണ്ടു 10.04 ആണ് നിലവില്‍ സ്‌കൂളുകളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയതിനാല്‍ പകര്‍പ്പുകള്‍ യഥേഷ്ടം എല്ലാവര്‍ക്കും ഉപയോഗിക്കാം. എല്ലാ തരം പുതിയ കമ്പ്യൂട്ടറുകളിലും ഉബുണ്ടു 12.04 ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുന്ന വിധം  32 ബിറ്റിനു പുറമെ 64 ബിറ്റ് രൂപവും തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ സ്‌കൂളുകളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗ്നോം രണ്ട് ഇന്റര്‍ഫേസിനു പകരമായി ഗ്നോം മൂന്നാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലുളളത്.

ഇന്റര്‍ഫേസില്‍ ഉണ്ടായിട്ടുളള മാറ്റങ്ങള്‍ വിശദമാക്കുന്ന യൂസര്‍ മാനുവല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഡി.വി.ഡി. യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഐ.ടി. അധിഷ്ഠിത പഠനം ഉറപ്പാക്കുന്നതിനുവേണ്ടി എല്ലാതരം മീഡിയ ഫോര്‍മാറ്റുകളും (ജാവ, ഫ്‌ളാഷ്, എച്ച്.ടി.എം.എല്‍. 5,നിലവില്‍ പ്രചാരത്തിലുളള ഓഡിയോ ഫോര്‍മാറ്റുകളും) പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സോഫ്റ്റ് വെയറുകള്‍ ഈ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Latest