തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് ദിവസം തികച്ചവര്‍ക്കുള്ള ഓണക്കോടി വിതരണം 14ന് പനമരത്ത്

Posted on: September 11, 2013 12:47 am | Last updated: September 11, 2013 at 12:47 am

കല്‍പറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2012-13 വര്‍ഷത്തില്‍ 100 ദിവസം ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ഓണക്കോടി വിതരണം ചെയ്യുന്ന സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിയുടെ വയനാട് ജില്ലാതല ഉദ്ഘാടനവും, ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പഞ്ചായത്തുകളിലും തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തിച്ച സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്തായ പനമരം ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ്ണ ഇ. എഫ് എം എസ് പ്രഖ്യാപനവും 14ന് ഉച്ചക്ക് മൂന്ന് മണിക്ക് പനമരം ജി എല്‍ പി സ്‌കൂള്‍ അങ്കണത്തില്‍ മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐ സി ബാലകൃഷ്ണന്‍ അധ്യക്ഷനായിരിക്കുന്ന ചടങ്ങില്‍ എം ഐ ഷാനവാസ് എം പി, എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ എന്നിവര്‍ പങ്കെടുക്കും.
ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ 8668 കുടുംബങ്ങള്‍ക്ക് ഓണക്കോടി വിതരണം ചെയ്യും. ഗ്രാമപഞ്ചായത്തില്‍ നിന്നും തിരഞ്ഞെടുത്ത 20 വീതം തൊഴിലാളികള്‍ക്കാണ് ഓണക്കോടി വിതരണം ചെയ്യുന്നത്. കണിയാമ്പറ്റ-194, മുള്ളന്‍കൊല്ലി-130, പനമരം-273, പൂതാടി-634, പുല്‍പ്പള്ളി-154, അമ്പലവയല്‍-132, നെന്മേനി-190, നൂല്‍പ്പുഴ-219, ബത്തേരി-251, മീനങ്ങാടി-692, എടവക-752, മാനന്തവാടി-681, തവിഞ്ഞാല്‍-377, തിരുനെല്ലി-164, തൊണ്ടര്‍നാട്-307, വെള്ളമുണ്ട-436, മേപ്പാടി-309, മൂപ്പൈനാട്-379, കൊട്ടത്തറ-291, വൈത്തിരി-307, പൊഴുതന-689, പടിഞ്ഞാറത്തറ-328, വെങ്ങപ്പള്ളി-253, തരിയോട്-246, മുട്ടില്‍-280 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളില്‍ നൂറുദിനം പൂര്‍ത്തിയാക്കിയ തൊഴിലാളികളുടെ എണ്ണം.
ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കാന്‍ പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലും സംവിധാനമായി. ബില്ലുകള്‍ തയ്യാറാക്കി ചെക്ക് മുഖേന തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്ന സംവിധാനമായിരുന്നു മുമ്പ് നടപ്പിലാക്കിയിരുന്നത്. ഇപ്പോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നല്‍കിയ ഡോങ്കിള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ചെയ്യുന്നതോടെ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് വേതനം നേരിട്ട് എത്തുന്നു. ഇതിലൂടെ കൂലി വിതരണത്തിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ സാധിക്കും. ഈ സംവിധാനത്തിലൂടെ പനമരം ഗ്രാമപഞ്ചായത്ത് 6922099 രൂപയും, പൂതാടി ഗ്രാമപഞ്ചായത്ത് 13544460 രൂപയും, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് 3437372 രൂപയും, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് 816936 രൂപയും വിവിധ ബാങ്കുകളിലെ 25 ബ്രാഞ്ചുകളിലൂടെ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് എത്തിക്കുന്നതിന് സാധിച്ചിട്ടുണ്ട്. വയനാട് ജില്ലയില്‍ ഈ വര്‍ഷം 1638.12 ലക്ഷം രൂപ ചിലവഴിക്കുകയും ഇതില്‍ 845.79 ലക്ഷം രൂപ ഇ എഫ് എം എസ് സംവിധാനത്തിലൂടെ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുന്നതിനും സാധിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.