യു എസ് കോണ്‍ഗ്രസിലെ വോട്ടെടുപ്പില്‍ പരാജയപ്പെടും: ഒബാമ

Posted on: September 11, 2013 12:23 am | Last updated: September 11, 2013 at 12:23 am

OBAMAവാഷിംഗ്ടണ്‍: സിറിയക്കെതിരായ സൈനിക നടപടിയുമായി ബന്ധപ്പെട്ട് യു എസ് കോണ്‍ഗ്രസില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് ഒബാമ. സി ബി എസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, സിറിയക്കെതിരെ ആക്രമണം നടത്തണമെന്ന തന്റെ ആവശ്യത്തെ കോണ്‍ഗ്രസിലെ അംഗങ്ങള്‍ എതിര്‍ക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാന്‍ ഒബാമ തയ്യാറായില്ല. സിറിയന്‍ സൈന്യം രാസായുധ ആക്രമണം നടത്തിയെന്നാരോപിച്ച് സൈനിക നടപടിക്ക് ആഹ്വാനം ചെയ്ത ഒബാമ, സിറിയന്‍ വിഷയത്തില്‍ നയതന്ത്ര പരിഹാരത്തിന് സാധ്യതയുണ്ടെന്ന് വ്യക്തമാക്കി.
സിറിയക്കെതിരായ ആക്രമണ ആഹ്വാനത്തെ തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ടതോടെ സൈനിക ആക്രമണം വേണ്ടെന്നു വെക്കാനുള്ള നീക്കമാണ് ഒബാമ നടത്തുന്നതെന്ന് സൂചനയുണ്ട്. തങ്ങളുടെ കൈവശമുള്ള രാസായുധം പൂര്‍ണമായും അന്താരാഷ്ട്ര നിയന്ത്രണത്തിലാക്കാന്‍ തയ്യാറാണെന്ന് സിറിയ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഒബാമയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. രാസായുധം നിയന്ത്രണവിധേയമാക്കി ചര്‍ച്ചക്ക് തയ്യാറാകണമെന്ന റഷ്യയുടെ ആവശ്യം കഴിഞ്ഞ ദിവസം സിറിയ അംഗീകരിക്കുകയായിരുന്നു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ മോസ്‌ക്കോയില്‍ നടന്ന ചര്‍ച്ചയിലാണ് നിര്‍ണായകമായ തീരുമാനമെടുക്കാന്‍ സിറിയ തയ്യാറായത്. രാസായുധം അന്താരാഷ്ട്ര നിയന്ത്രണത്തിലാക്കാനുള്ള സിറിയയുടെ സന്നദ്ധതയെ ഒബാമ സ്വാഗതം ചെയ്തു. അതേസമയം ഇത് പ്രായോഗിക തലത്തില്‍ കൊണ്ടുവരാന്‍ സിറിയക്ക് സാധിക്കുമോ എന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസില്‍ കൊണ്ടുവരുന്ന പ്രമേയത്തെ പിന്തുണക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നതെന്നും ഒബാമ അവകാശപ്പെട്ടു.
സിറിയന്‍ വിഷയത്തില്‍ തനിക്ക് നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാന്‍ ലക്ഷ്യംവെച്ച് ഒബാമ നിരവധി ചനാലുകള്‍ക്ക് ഇന്റര്‍വ്യൂകള്‍ അനുവദിച്ചിട്ടുണ്ട്. ഇന്നലെ നടന്ന സി ബി എസ് ചാനലിന്റെ അഭിമുഖത്തിന് പുറമെ അഞ്ച് പരിപാടികള്‍ കൂടി നടക്കുമെന്ന് വൈറ്റ് ഹൗസ് വക്താക്കള്‍ അറിയിച്ചു. വൈറ്റ് ഹൗസിലെ ബ്ലൂ മുറിയില്‍വെച്ചാണ് അഭിമുഖങ്ങള്‍ നടക്കുകയെന്നും എല്ലാം സിറിയന്‍ വിഷയവുമായി ബന്ധപ്പെട്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സി എന്‍ എന്‍, എന്‍ ബി സി എന്നി ചാനലുകളുമായും ഒബാമ ഇന്നലെ അഭിമുഖം നടത്തിയിട്ടുണ്ട്. സിറിയന്‍ വിഷയത്തില്‍ തനിക്ക് യു എസ് കോണ്‍ഗ്രസ് പിന്തുണ നല്‍കിയിട്ടില്ലെങ്കില്‍ എന്തായിരിക്കും തീരുമാനമെന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ സാധിക്കില്ലെന്ന് എന്‍ ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഒബാമ പറഞ്ഞു.
യു എസ് കോണ്‍ഗ്രസിലെ 61 ശതമാനം അംഗങ്ങളും സിറിയക്കെതിരായ ആക്രമണത്തെ എതിര്‍ക്കുന്നുണ്ടെന്ന് എ എഫ് പി പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 26 ശതമാനം മാത്രമാണ് ഈ വിഷയത്തില്‍ ഒബാമയെ അനുകൂലിക്കുന്നത്. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ മിക്കവരും സിറിയന്‍ വിഷയത്തില്‍ ഒബാമയുടെ നയത്തിനെതിരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.