കേരളം ഗുജറാത്തിനെയും തോല്‍പ്പിക്കുകയാണോ?

Posted on: September 11, 2013 12:10 am | Last updated: September 11, 2013 at 12:10 am

ദരിദ്ര വിഭാഗങ്ങള്‍ക്കായുള്ള ഭവന പദ്ധതിയായ ഇന്ദിര ആവാസ് യോജന (ഐ എ വൈ)യില്‍ കേന്ദ്ര സര്‍ക്കാറിന്റെ മാനദണ്ഡങ്ങള്‍ തള്ളിക്കൊണ്ട് കേരളത്തില്‍ വന്‍ അട്ടിമറി നടന്നിരിക്കുകയാണ്. ഇതിലൂടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും ലഭിക്കേണ്ട വലിയൊരു ആനുകൂല്യമാണ് നഷ്ടമായിരിക്കുന്നത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രിമാരുമായി സംസാരിക്കുമെന്നും സംഭവത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ ഒരു ഫലവുമുണ്ടായിട്ടില്ല. കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ വികസന പദ്ധതികള്‍ പലതും തകര്‍ക്കുന്ന സമീപനവുമായി കേരള സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിന്റെ താത്പര്യം എന്താണെന്ന് മനസ്സിലാകുന്നില്ല.
രാജ്യത്തെ മുസ്‌ലിംകളുടെ സാമൂഹിക സാമ്പത്തിക അവസ്ഥകള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് സച്ചാര്‍ സമിതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിംകളുള്‍പ്പെടെയുള്ള ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് ഇന്ദിര ആവാസ് യോജനയില്‍ 47 ശതമാനം ക്വാട്ട ഈ വര്‍ഷം മുതല്‍ നടപ്പിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച് കേരള ഗ്രാമ വികസന വകുപ്പിന് 2013 മെയ് ഏഴിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കത്തയച്ചു. എന്നാല്‍ ഇത് കേരളത്തില്‍ പ്രായോഗികമല്ലെന്ന നിലപാടാണ് മുസ്‌ലിം ലീഗ് ഉള്‍പ്പെട്ട യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഗ്രാമവികസന കമ്മീഷണറേറ്റ് 2013 ജൂലൈ 18ന് ഗുണഭോക്തൃ മാനദണ്ഡം നിശ്ചയിക്കുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് കത്തയച്ചു. അതിന് കാരണമായി പറയുന്നത് ഇന്ദിരാ ആവാസ് യോജനയുടെ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയെന്നാണ്!
എന്തടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ആരോപണം കേന്ദ്ര നിര്‍ദേശത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചത്? കേന്ദ്ര സര്‍ക്കാര്‍ തോന്നിയപോലെ ചെയ്തു എന്നാണോ ഇതുകൊണ്ട് മനസ്സിലാക്കേണ്ടത്? മാനദണ്ഡങ്ങളെന്തെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 75 ശതമാനം വീടില്ലാത്ത അവസ്ഥയും 25 ശതമാനം ദാരിദ്ര്യവും മാനദണ്ഡമാക്കിയാണ് ഇങ്ങനെ നിര്‍ദേശിച്ചതെന്ന് സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ജനസംഖ്യാനുപാതികമായി തന്നെയാണ് വിവിധ വിഭാഗങ്ങള്‍ക്ക് ക്വാട്ട നിശ്ചയിച്ചിരിക്കുന്നതെന്നും ഇത് അനിവാര്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത് നമ്മുടെ അധികാരികള്‍ക്ക് മാത്രം ബോധിക്കാത്തത്? ദുര്‍ബലരിലും ന്യൂനപക്ഷ വിഭാഗങ്ങളിലും ഒരു വിഭാഗം എന്നും വീടില്ലാത്തവരായിത്തന്നെ കഴിയണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം?
കേന്ദ്ര മാനദണ്ഡ പ്രകാരം എല്ലാ സംസ്ഥാന സര്‍ക്കാറുകളും ഈ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോഴാണ് വ്യാജമായ കാരണങ്ങളുന്നയിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹമായും ലഭിക്കേണ്ട വിഹിതം അട്ടിമറിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത് 47 ശതമാനമാണ്. എന്നാല്‍ ഇവിടെ അട്ടിമറിയിലൂടെ അത് 15 ശതമാനമാക്കിയ അതിഭീകരമായ ന്യൂനപക്ഷ ദ്രോഹ നടപടിയാണ് നടന്നിരിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 21,588 വീടുകള്‍ ലഭിക്കേണ്ടതിന് പകരം 6,861 വീടുകള്‍ മാത്രമാണ് ലഭിക്കുക. 14,727 വീടുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് കുറവ് വരും.
47 ശതമാനത്തില്‍ നിന്ന് ന്യൂനപക്ഷ വിഹിതം 15 ശതമാനമാക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദം ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടാല്‍ രാജ്യത്താകെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് അത് വലിയൊരു തിരിച്ചടിയാകും. ഇതിലും വലിയ ക്രൂരത എന്താണ് ഒരു സംസ്ഥാന സര്‍ക്കാറിന് രാജ്യത്തെ ന്യൂനപക്ഷങ്ങളോട് ചെയ്യാനുള്ളത്?
മറ്റു സംസ്ഥാനങ്ങള്‍ക്കെല്ലാം കേന്ദ്ര നിര്‍ദേശം പാലിക്കാമെങ്കില്‍ ഇവിടെ കേരളത്തില്‍ മാത്രം അത് ലംഘിക്കണമെന്ന് ആര്‍ക്കാണിത്ര വാശി എന്നു മനസ്സിലാകുന്നില്ല. ഒരു നിലക്കും ന്യായീകരിക്കാന്‍ കഴിയാത്ത നടപടിയാണ് മുസ്‌ലിം ലീഗിന് വലിയ മേല്‍ക്കൈ ഉണ്ടെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാറില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഈ ന്യൂനപക്ഷവിരുദ്ധ നീക്കം തിരുത്തിയേ മതിയാകൂ. ഈ പദ്ധതി മുസ്‌ലിം വിഭാഗങ്ങള്‍ക്ക് മാത്രമുള്ളതല്ല. ക്രിസ്ത്യന്‍, സിഖ്, പാര്‍സി, ബുദ്ധ ന്യൂനപക്ഷങ്ങള്‍ക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സാധാരണ ഗതിയില്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുന്ന പാരമ്പര്യമാണ് ഗുജറാത്തിലെ നരേന്ദ്ര മോഡി സര്‍ക്കാറിനുള്ളത്. എന്നാല്‍, അവര്‍ പോലും ഈ വിഷയത്തില്‍ കേന്ദ്ര നിര്‍ദേശം മറി കടന്ന് ന്യൂനപക്ഷ വിഹിതം വെട്ടിക്കുറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നിടത്താണ് കേരളത്തില്‍ ഇത്തരമൊരു ന്യൂനപക്ഷവിരുദ്ധ ഗൂഢാലോചന നടന്നിരിക്കുന്നത്. മോഡിയുടെ ഗുജറാത്ത് സര്‍ക്കാറിനെയും തോല്‍പ്പിക്കാനാണോ യു ഡി എഫിന്റെ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്?
ഇവിടെ അഞ്ചാം മന്ത്രി വിവാദത്തിന് ശേഷം മുസ്‌ലിം ലീഗിന് വിലപേശല്‍ ശക്തി ക്ഷയിച്ചു എന്നു മാത്രമല്ല, അവര്‍ പ്രതിനിധാനം ചെയ്യുന്നതായി അവകാശപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ നിലനിര്‍ത്താന്‍ പോലും കഴിയുന്നില്ല എന്നതാണ് വ്യക്തമാകുന്നത്. അല്ലെങ്കില്‍ അവര്‍ക്കതില്‍ താത്പര്യമില്ല. ലീഗിന്റെ പോഷക സംഘടനയും മറ്റു ചില സമുദായ സംഘടനകളും പാര്‍ട്ടി നേതൃത്വത്തോട് ഭവന അട്ടിമറി പ്രശ്‌നം ഉന്നയിച്ചിട്ടും നിസ്സഹായത പ്രകടിപ്പിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്. ലീഗിന്റെ മൗനാനുവാദത്തോടെയാണ് ഇത്തരം ന്യൂനപക്ഷവിരുദ്ധ നീക്കങ്ങള്‍ നടക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. പാര്‍ട്ടിയുടെ ഭവന നിര്‍മാണ പദ്ധതിയുടെ പേരില്‍ വലിയ പ്രചാരണം നടത്തുന്നവര്‍ തന്നെയാണ് ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട പതിനയ്യായിരത്തോളം വീടുകള്‍ നഷ്ടപ്പെടുമ്പോള്‍ മൗനമവലംബിക്കുന്നു എന്നത് വിചിത്രമായി തോന്നുന്നു. അവര്‍ക്കിതില്‍ രഹസ്യ അജന്‍ഡയുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഒരു ഇന്ദിരാ ആവാസ് യോജന ഭവന പദ്ധതിയുടെ വിഷയത്തില്‍ മാത്രമല്ല ഇത്. ന്യൂനപക്ഷ വിഷയങ്ങളിലെല്ലാം ഇത്തരം സമീപനമാണ് ആ പാര്‍ട്ടി സ്വീകരിക്കുന്നത്. ഒ ബി സി സ്‌കോളര്‍ഷിപ്പില്‍ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കിയ സംഭവത്തിലും ഇതേ സമീപനം തന്നെയായിരുന്നു മുസ്‌ലിം ലീഗിന്. സംസ്ഥാന സര്‍ക്കാറില്‍ നിന്ന് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുമ്പോള്‍ അതിനെതിരെ ആര്‍ജവത്തോടെ നിലപാടെടുക്കാന്‍ അവര്‍ക്കാകുന്നില്ല.
ഒരപേക്ഷയുണ്ട്; സ്വന്തമായി ഒന്നും ചെയ്യുന്നില്ലെങ്കില്‍ പോകട്ടെ, എപ്പോഴെങ്കിലുമുണ്ടാകുന്ന കേന്ദ്രാവിഷ്‌കൃത ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ തകര്‍ക്കാതിരിക്കാനെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സന്മനസ്സ് കാണിക്കേണ്ടതുണ്ട്.

ALSO READ  ഉപഭോക്താവാണ് ഇനി രാജാവ്