കാത്തിരിപ്പ് വിഫലം; കൊളച്ചേരി വീട്ടില്‍ ഇനി വികാസിന്റെ ഓര്‍മച്ചിത്രങ്ങള്‍ മാത്രം

Posted on: September 11, 2013 5:00 am | Last updated: September 10, 2013 at 11:39 pm
SHARE

തലശ്ശേരി: കിളിയൊഴിഞ്ഞ കൂട് പോലെ മൂകമാണിപ്പോള്‍ കൊളശ്ശേരി വീട്. കഴിഞ്ഞ മാസം 13ന് അര്‍ധരാത്രിയില്‍ മുംബൈ നാവിക ആസ്ഥാനത്തുണ്ടായ പൊട്ടിത്തെറിയില്‍ പറന്നകന്നതാണ് ഈ കൂട്ടിലെ ചിറകടിയൊച്ചയും ആത്മാവും. നാവിക സേനയുടെ അഭിമാനമായ മുങ്ങിക്കപ്പല്‍ ഐ എന്‍ എസ് സിന്ധു രക്ഷകിനോടൊപ്പം ചിതറിയ 18 ധീര നാവികരില്‍ കൊളശ്ശേരി വീട്ടിലെ വികാസുമുണ്ടെന്ന് നാട്ടില്‍ സൂചന കിട്ടിയത് സ്വാതന്ത്ര്യ ദിന തലേന്നായിരുന്നു. അന്ന് മുതല്‍ ഉറങ്ങിയിട്ടില്ല ഈ കൊച്ചു വീടും വികാസിന്റെ ഉറ്റവരും.
മകന്റെ വിവരങ്ങള്‍ക്കായി പതിനാലിന് രാവിലെ തന്നെ പിതാവ് കൃഷ്ണദാസ് മുംബൈയിലേക്ക് പോയിരുന്നു. 27 നാളത്തെ കാത്തിരിപ്പിനൊടുവില്‍ മകന്റെ മൃതദേഹം പോലും കാണാനാകാതെ കൃഷ്ണദാസ് മടങ്ങി. മകന്‍ ഉപയോഗിച്ച വസ്ത്രങ്ങളും ഷൂസുമടങ്ങിയ ബാഗുമായാണ് കൊളശ്ശേരി വീട്ടിലേക്ക് കൃഷ്ണദാസ് തിരിച്ചെത്തിയത്.

മൂന്ന് വര്‍ഷം മുമ്പാണ് വികാസ് നാവിക സേനയില്‍ ചേര്‍ന്നത്. പരിശീലനം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ദുരന്തം. കഴിഞ്ഞ ഫെബ്രുവരിയിലാണ് വികാസ് ലീവ് കഴിഞ്ഞ് പോയതെന്ന് കൃഷ്ണദാസ് പറഞ്ഞു. ഓണത്തിന് നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. ലീവ് ശരിയായി വരുന്നതിനിടയിലാണ് കൂടെ ജോലി ചെയ്തിരുന്ന ചീമേനിയിലെ സ്വരൂപിന് പകരക്കാരനായി ഡ്യൂട്ടി ഏറ്റെടുത്തത്. അത് മറ്റൊരു വിധിയായിരിക്കുമെന്ന് നിറകണ്ണുകളോടെ പിതാവ് പറയുന്നു. കപ്പല്‍ അപകടത്തില്‍ പെടുന്ന ദൃശ്യം ബൈനോക്കുലറിലൂടെ കണ്ടുവെന്ന് കൃഷ്ണദാസ് പറഞ്ഞു. ഭീകര കാഴ്ചയായിരുന്നു അത്. മകനെ ഇനി ജീവനോടെ കാണാനാകില്ലെന്ന് അപ്പോള്‍ തന്നെ മനസ്സിലായിരുന്നു.

നാളുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ അപകടത്തില്‍ പെട്ടവരുടെ എല്ലിന്‍ കൂടുകള്‍ മാത്രമാണ് വീണ്ടെടുക്കാനായത്. ശ്രമകരമായ ഡി എന്‍ എ ടെസ്റ്റിലൂടെ ചിലരെയെല്ലാം തിരിച്ചറിഞ്ഞു. എന്നാല്‍ അക്കൂട്ടത്തിലും തന്റെ മകനില്ലായിരുന്നു. പിന്നെയും കാത്തിരിക്കുന്നതില്‍ കാര്യമില്ലെന്നതിനാല്‍ കണ്ണീരോടെ മടങ്ങുകയായിരുന്നുവെന്ന് കൃഷ്ണദാസ് പറഞ്ഞു. വികാസിന്റെ മാതാവ് വത്സല, സഹോദരി ശ്രീവിദ്യ എന്നിവരാണ് കൊളശ്ശേരിയിലുള്ളത്. മറ്റൊരു സഹോദരന്‍ വൈശാഖ്് ബംഗളൂരുവിലാണ്.