പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ദുബൈ കമ്പോളത്തിലേക്ക്

Posted on: September 10, 2013 7:55 pm | Last updated: September 10, 2013 at 7:57 pm

sony-xperia-z11ദുബൈ: സോണിയുടെ, 20.7 മെഗാപിക്‌സല്‍ ക്യാമറയുള്ള എക്‌സ്‌പേരിയ ഇസഡ് 1 മൊബൈല്‍ ഈ മാസം ദുബൈയിലെത്തും. വെള്ളം കടക്കാത്ത, ഈ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ ബര്‍ലിനില്‍ അവതരിപ്പിച്ചു.

27 എം എം വൈഡ് ജി ലെന്‍സ് ആണ് മൊബൈല്‍ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏത് സ്മാര്‍ട്ട് ഫോണുകളെക്കാളും മികച്ച ദൃശ്യങ്ങള്‍ ലഭ്യമാക്കാന്‍ എക്‌സ്‌പേരിയ ഇസഡ് 1ന് കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.
ആപ്പിള്‍ ഐ ഫോണ്‍ ഇനി ഇറക്കാന്‍ പോകുന്നത്, ഇരുഭാഗത്തേക്കും വലിച്ചു നീട്ടാവുന്ന കീ ബോര്‍ഡ് മൊബൈല്‍ ഫോണാണ്. ഐ ഫോണ്‍ ജോക്കര്‍ എന്ന പേരിലുള്ള ഈ ഫോണ്‍ സന്ദേശങ്ങള്‍ അയക്കാന്‍ ഏറെ അനുയോജ്യം. നാളെ ഐഫോണ്‍ പുതിയ രണ്ട് മോഡലുകള്‍ ഇറക്കും. ഐ ഫോണ്‍ ഫൈവ് എസ്, ഐ ഫോണ്‍ മിനി എന്നിവയാണവ. സ്‌ക്രാച്ച് പ്രൂഫായിരിക്കും പ്രതലം. എന്നാല്‍ ഏവരും ഉറ്റുനോക്കുന്നത് റിസ്റ്റ് വാച്ച് മൊബൈല്‍ ഫോണിനെയാണ്. രണ്ട് വര്‍ഷമായി ഇതേ കുറിച്ച് വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ഐ ഫോണോ സാംസങ്ങോ കുറ്റമറ്റ വാച്ച് മൊബൈല്‍ കമ്പോളത്തില്‍ ഇറക്കിയിട്ടില്ല. ബെര്‍ലിനില്‍ കഴിഞ്ഞയാഴ്ച സാംസങ്ങ് ഗ്യാലക്‌സി ഗിയര്‍ സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ചിരുന്നു. 1.63 ഇഞ്ച് ടച്ച് സ്‌ക്രീനാണ് ഇതിനുള്ളത്. 512 എം ബി റാമിലാണ് പ്രവര്‍ത്തിക്കുക. 1.9 മെഗാപിക്‌സല്‍ ക്യാമറയുണ്ട്. മികച്ച ബാറ്ററി സാധ്യമാകാത്തതാണ് ആപ്പിളിനെ കുഴക്കുന്നത്. സാംസങ്ങ് ഗ്യാലക്‌സി ഗിയര്‍ സ്മാര്‍ട്ട് വാച്ചില്‍ ഒരു ദിവസം മാത്രമേ ബാറ്ററി നിലനില്‍ക്കൂ. 299 ഡോളറാണ് അടിസ്ഥാന വില. ദുബൈയില്‍ ഒക്ടോബര്‍ 20ന് ജൈറ്റെക്‌സ് ആരംഭിക്കുമ്പോള്‍ പുതിയ മോഡലുകള്‍ എല്ലാം എത്തുമെന്നാണ് പ്രതീക്ഷ.