‘പോസ്റ്റ് ഓഫീസ് മജീദ്’ നാട്ടിലേക്ക്

Posted on: September 10, 2013 6:19 pm | Last updated: September 10, 2013 at 7:19 pm

ഖോര്‍ഫുഖാന്‍: 31 വര്‍ഷത്തെ പ്രവാസത്തിനു വിരാമമിട്ട്് ഖോര്‍ഫുഖാനിലെ ‘പോസ്റ്റ് ഓഫീസ് മജീദ്’ എന്ന അബ്ദുല്‍ മജീദ് ഹാജി നാട്ടിലേക്ക്. തിരുവനന്തപുരം ചിറയിന്‍കീഴ് മണനാക്ക് സ്വദേശിയായ മജീദ് ഹാജി 1982 ലാണ് യു എ ഇയില്‍ എത്തിയത്. ദുബൈയില്‍ ഒരു റെഡിമെയ്ഡ് ഷോപ്പില്‍ ജോലിക്കായിരുന്നു വരവ്.
ആറ് മാസത്തോളം അവിടെ ജോലി ചെയ്തു. തുടര്‍ന്ന് പോസ്റ്റ് ഓഫീസില്‍ ജോലിക്കു ചേര്‍ന്നു. ഇത്രയും കാലം ഒരേ സ്ഥാപനത്തില്‍ സേവനം ചെയ്യാന്‍ കഴിഞ്ഞതിലും ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിക്കാന്‍ കഴിഞ്ഞതിലും പലരോടും കടപ്പാടുണ്ടെന്ന് മജീദ് ഹാജി പറഞ്ഞു. സ്വദേശികളായ സുഹൃത്തുക്കള്‍ക്കുള്ള നിഷ്‌കളങ്കമായ സ്‌നേഹത്തിനും സഹകരണത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
ഖോര്‍ഫുക്കാനിലെ മുസ്്‌ലിം കൂട്ടായ്മയായ കേരള മുസ്്‌ലിം അസോസിയേഷന്‍ സെക്രട്ടറി, ശാസ്താംകോട്ട ഐ സി എസ് ഖോര്‍ഫുഖാന്‍ സെക്രട്ടറി, മര്‍കസ്, സഅദിയ ഖോര്‍ഫുഖാന്‍ കമ്മിറ്റിയംഗം തുടങ്ങിയ നിലകളില്‍ സജീവവും സിറാജ്, രിസാല സഹകാരിയുമാണ്.
ഖോര്‍ഫുഖാന്‍ ഐ സി എഫ്, ആര്‍ എസ് സി മജീദ് ഹാജിക്ക് യാത്രയയപ്പ് നല്‍കി. മജീദ് ഹാജിയുടെ നമ്പര്‍ 050-2835556.