കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ‘കിരണം’ പദ്ധതി

Posted on: September 10, 2013 11:01 am | Last updated: September 10, 2013 at 11:01 am

മലപ്പുറം: ലഹരി വിരുദ്ധ ബോധവത്കരണത്തിനും ലഹരിക്കടിമപ്പെട്ടവരെ മോചിപ്പിക്കുന്നതിനും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചയാത്ത് ‘കിരണം’ പദ്ധതി നടപ്പാക്കും. ബ്ലോക്കിലെ ഒമ്പത് പഞ്ചായത്തുകളില്‍ 100 കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ പദ്ധതിയുടെ ഭാഗമായി ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിംഗ് നല്‍കും.
ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, അങ്കണ്‍വാടി ജോലിക്കാര്‍, ആശ, കുടുംബശ്രീ പ്രവര്‍ത്തകര്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ ഒക്‌ടോബര്‍ ആദ്യവാരത്തോടെ പദ്ധതി ആരംഭിക്കുമെന്ന് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം പി ഷരീഫ അറിയിച്ചു. ആലോചനായോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ പി ബിന്ദു, ചെയര്‍മാന്‍മാരായ അബ്ദുല്‍ ഖാദര്‍, ഷരീഫ ടീച്ചര്‍, സി.ഡി.പി.ഒ. എം.ഡി സുലൈഖ, തുടങ്ങിയവര്‍ പങ്കെടുത്തു.