ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി: നീക്കം ഫലം കാണാനിടയില്ല

Posted on: September 10, 2013 12:00 am | Last updated: September 10, 2013 at 12:12 am

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ചാഞ്ചാടുന്ന പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കുന്നു. രൂപ നല്‍കി ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാമെന്ന സാധ്യതയാണ് ഇന്ത്യ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ഇതുവഴി രാജ്യത്തിന് പുറത്തേക്ക് ഡോളര്‍ ഒഴുകുന്നത് നിയന്ത്രിക്കാനാകും. ഇറക്കുമതിക്കാര്‍ വന്‍തോതില്‍ ഡോളര്‍ ആവശ്യപ്പെടുന്നതാണ് രൂപ വിലയിടിവിന് പ്രധാന കാരണം.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജിയാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത്. യോഗം ഈയാഴ്ച നടക്കുമെന്നാണ് അറിയുന്നത്. വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗ്, പെട്രോളിയം സെക്രട്ടറി വിവേക് റായി, വാണിജ്യ സെക്രട്ടറി എസ് ആര്‍ റാവു, സാമ്പത്തികകാര്യ സെക്രട്ടറി അരവിന്ദ് മായാറാം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുന്ന കാര്യമാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ചയാകുക. എണ്ണ ഇറക്കുമതി ബില്‍ കുറക്കാനുള്ള മറ്റ് നിര്‍ദേശങ്ങളും ചര്‍ച്ചക്ക് വരും.
എന്നാല്‍, രൂപ നല്‍കി ഇറാനില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ നീക്കത്തിന് ഇറാന്‍ പച്ചക്കൊടി കാണിച്ചില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ഉന്നതതല യോഗം ചേരുന്നതിന്റെ അടിസ്ഥാന കാരണം ഇറാന്റെ ഈ വൈമുഖ്യമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇറാനില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ 45 ശതമാനം ഒന്നുകില്‍ രൂപയോ അല്ലെങ്കില്‍ വസ്തുക്കളോ നല്‍കിയാണ് ഇറക്കുമതി ചെയ്യുന്നത്. കൊല്‍ക്കത്തയിലെ പൊതു മേഖലാ ബേങ്കായ യൂകോ ബേങ്ക് വഴിയാണ് ഈ കൈമാറ്റം നടക്കാറുള്ളത്. 55 ശതമാനം ഇറക്കുമതിക്കുള്ള വില യൂറോയില്‍ നല്‍കുന്നു. അങ്കാറ ആസ്ഥാനമായ ഹല്‍ക് ബേങ്ക് വഴിയാണ് ഈ ഇടപാട് നടക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി ആറ് മുതല്‍ യൂറോയിലുള്ള പണമടവ് പൂര്‍ണമായി നിര്‍ത്തിയിരിക്കുകയാണ്. അതിന് ശേഷം രൂപയിലാണ് വിനിമയം നടന്നിട്ടുള്ളത്. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായുള്ള വ്യാപാരത്തിന് ഇറാന്‍ മുന്തിയ പരിഗണന നല്‍കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇറക്കുമതിക്ക് പകരമായി 30 ശതമാനം വസ്തുക്കള്‍ മാത്രമാണ് ഇറാന്‍ വാങ്ങിയിട്ടുള്ളത്. ബാക്കി തുക യൂകോ ബേങ്കില്‍ കിടക്കുകയാണ്. ഇതാണ് കൂടുതല്‍ എണ്ണ നല്‍കുന്നതില്‍ നിന്ന് ഇറാനെ പിന്നോട്ടടിപ്പിക്കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന മാസങ്ങളിലായി 1.1 കോടി ടണ്‍ അസംസ്‌കൃത എണ്ണ കൂടി ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഏകദേശം ഇരുപത് ലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ഇതിനകം ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതി കൂട്ടുന്നതോടെ, ഇപ്പോഴത്തെ വിലയനുസരിച്ച് 847 കോടി ഡോളര്‍ രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്നത് തടയാനാകുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.31 കോടി ടണ്‍ അസംസ്‌കൃത എണ്ണയാണ് ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്തത്. 2011-12ല്‍ ഇത് 1.81 കോടി ടണ്‍ ആയിരുന്നു. 2010-11 വരെ ഇന്ത്യക്ക് എണ്ണ നല്‍കുന്നതില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇറാന്‍. ഒന്നാം സ്ഥാനം സഊദിക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറാന് ആറാം സ്ഥാനമേയുള്ളൂ.