Connect with us

Articles

ഹിറ്റ്‌ലര്‍മാര്‍ ജനിക്കാതിരിക്കട്ടെ

Published

|

Last Updated

പത്ത് വയസ്സുകാരനെ അമ്മായി അടിച്ചു കൊന്നു. പഠിക്കാത്തതിന് അഞ്ച് വയസ്സുകാരിക്ക് പിതാവിന്റെ പീഡനം. സ്വത്ത് തര്‍ക്കം രണ്ട് വയസ്സുകാരിക്ക് പീഡനം. തുടങ്ങിയ വാര്‍ത്തകള്‍ നിത്യേന വന്നുകൊണ്ടിരിക്കുന്നു. ഷഫീഖും ഫാത്വിമയും അനിതയും നിരവധി പിഞ്ചുകുഞ്ഞുങ്ങളുടെ പ്രതിനിധികളാണ്. ഒരു ഭാഗത്ത് ലൈംഗിക പീഡനങ്ങള്‍ക്ക് കുട്ടികള്‍ ഇരയാകുമ്പോള്‍ ശാരീരിക മാനസിക പീഡനങ്ങള്‍ കൊണ്ട് മറുഭാഗത്ത് ഇരയാകുന്നതും കുട്ടികള്‍ തന്നെ. കുട്ടികളുടെതായ കാരണമൊന്നും പുറത്തുവരുന്ന വാര്‍ത്തകളിലില്ല. പഠിക്കാത്തതിനുള്ള മര്‍ദനവും, “അ” എന്ന അക്ഷരം ഉച്ചരിക്കാത്തതിന് പിതാവ് ബെല്‍റ്റ് കൊണ്ടടിച്ച് അവശനാക്കിയതും സ്വത്ത് തര്‍ക്കത്തിന് രണ്ട് വയസ്സുകാരിക്ക് മര്‍ദനം ലഭിച്ചതും ന്യായീകരിക്കാമോ? ഇത്തരം സംഭവങ്ങള്‍ക്കെതിരില്‍ നിയമ നടപടികള്‍ എടുക്കാനോ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനോ തയ്യാറാകാത്തത് പുതിയ പുതിയ വാര്‍ത്തകള്‍ക്ക് വഴിവെക്കുന്നു. രണ്ടാനച്ഛനും രണ്ടാനമ്മയും സ്വന്തം പിതാവും സ്വന്തം മാതാവും മൃഗീയമായി പിഞ്ചു പൈതലുകളെ പീഡിപ്പിക്കുമ്പോഴും മര്‍ദിക്കുമ്പോഴും സംഭവിക്കുന്നതെന്തെന്ന് നമുക്ക് പഠനവിധേയമാക്കാം.

1952ല്‍ ന്യൂയോര്‍ക്കിലെ തെരുവുകളിലൂടെ ഒരു പന്ത്രണ്ട് വയസ്സുകാരന്‍ അലഞ്ഞു നടക്കുന്നത് ഒരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പെട്ടു. അവനെ പുനരധിവസിപ്പിക്കാനായി അദ്ദേഹം പല സ്ഥാപനങ്ങളിലും ചെന്നു. പക്ഷേ, ആരും അവനെ സ്വീകരിച്ചില്ല. അവന്‍ തെരുവിലേക്ക് തന്നെ മടങ്ങി. ആരുടെയും സ്‌നേഹം ലഭിക്കാതെ അനാഥനായി വളര്‍ന്ന ആ കുട്ടി എല്ലാ ദുഷ്ടസ്വഭാവങ്ങള്‍ക്കും അടിമയായി. മോഷണവും പിടിച്ചുപറിയും നടത്തി അവന്‍ ജീവിച്ചു. അവനാണ് അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ കൊലയാളിയായ ലീഹാര്‍വെ ഓസ്‌വാള്‍ഡ്.അറുപതു ലക്ഷം ജൂതരെ കൊന്നൊടുക്കുകയും രണ്ടാം ലോകമഹായ യുദ്ധത്തിനു തന്നെ കാരണക്കാരനാകുകയും ചെയ്ത വലിയ ദുഷ്ട പ്രതിഭയായ ഹിറ്റ്‌ലറെ ഹിറ്റ്‌ലറാക്കിയത് അവന്റെ പിതാവായിരുന്നു. ഹിറ്റ്‌ലര്‍ ഒരു സാധാരണ സര്‍ക്കാര്‍ ജീവനക്കാരന്റെ മകനായിരുന്നു. മകന്‍ തന്നെപ്പോലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷേ, ചിത്രകലയിലായിരുന്നു ഹിറ്റ്‌ലറുടെ താത്പര്യം. ഹിറ്റ്‌ലറുടെ കഴിവിനെ അംഗീകരിക്കന്‍ പിതാവ് തയ്യാറായില്ല. ഹിറ്റ്‌ലറുടെ കുട്ടിക്കാലത്ത് പിതാവ് ക്രൂര മര്‍ദനങ്ങള്‍ അഴിച്ചുവിട്ടു. ചാട്ടവാര്‍ കൊണ്ട് നിര്‍ദയം പ്രഹരിച്ചു. പട്ടാളച്ചിട്ടയിലാണ് ഹിറ്റ്‌ലറെ വളര്‍ത്തിയത്. ഒരു ദിവസം ക്ലാസില്‍ കയറിയില്ല എന്ന കുറ്റത്തിന് ഒരു മരത്തോട് ചേര്‍ത്തു വരിഞ്ഞു നിര്‍ത്തി ബോധം കെടുന്നതുവരെ ആ അപ്പന്‍ തല്ലുകയുണ്ടായി. കാലില്‍ വീണു കെഞ്ചി കേഴുകയും തറയില്‍ കിടന്നു മൂത്രമൊഴിക്കുകയും ചെയ്യും വരെ അയാള്‍ ഹിറ്റ്‌ലറെ പലപ്പോഴും മര്‍ദിക്കാറുണ്ടായിരുന്നു.

ലോകം കണ്ട ഏറ്റവും വിനാശകരമായ പുസ്തകം ഹിറ്റ്‌ലറുടെ ആത്മകഥയായ മെയ്ന്‍കാഫ് ആണ്. ആ പുസ്തകത്തെ പ്രസിദ്ധ അമേരിക്കന്‍ പത്രാധിപരും നിരൂപകനുമായ നോര്‍മന്‍ കസിന്‍സ് വിശേഷിപ്പിച്ചതിങ്ങനെ: ഓരോ വാക്കിലും നഷ്ടമായത് 12 ജീവിതങ്ങള്‍. ഒരു പേജിന് 47,000 മരണം. ഓരോ അധ്യായത്തിനും 12,00,000 മരണം”” ഈ പുസ്തകത്തില്‍ തന്റെ ബാല്യകാലാനുഭവങ്ങള്‍ വിവരിക്കുന്നു. ഹിറ്റ്‌ലറിന് അഞ്ച് വയസ്സായപ്പോള്‍ അമ്മ വീട് വിട്ട് എങ്ങോട്ടോ പോയി. അപ്പന്‍ അടിക്കുന്ന ചാട്ടവാറടി നിശ്ശബ്ദനായി നിന്നുകൊണ്ട് ഹിറ്റ്‌ലര്‍ എണ്ണിക്കൊണ്ടിരുന്നു. നായ്ക്കളെ വിളിക്കുന്ന മാതിരി വിരലുകള്‍ വായില്‍ തിരുകി വിസിലടിച്ചാണ് പിതാവ് അവനെ വിളിച്ചിരുന്നതുപോലും. ആ അപ്പനോട് പകരം വീട്ടാനും അപ്പനെ പാഠം പഠിപ്പിക്കാനും കരുതിക്കൂട്ടി ഹിറ്റ്‌ലര്‍ പഠനം ഉഴപ്പിയതായി ജീവിത ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. വേദനയും പ്രയാസവും പ്രകടിപ്പിക്കാന്‍ ബാല്യകാലത്ത് ഹിറ്റ്‌ലറിന് അനുവാദമുണ്ടായിരുന്നില്ല. പിന്നീട് ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതിയായി മാറിയപ്പോഴാകട്ടെ, തന്റെ കൊടും ക്രൂരതകള്‍ നിമിത്തം കൊടിയ ദുരിതവും കഷ്ടപ്പാടും അനുഭവിക്കേണ്ടിവന്ന മനുഷ്യരോട് അദ്ദേഹത്തിന് അനുകമ്പയോ ദയയോ തോന്നിയില്ല.

ഹിറ്റ്‌ലറോട് പിതാവ് കാണിച്ച രീതിയിലുള്ള സമീപനങ്ങള്‍ ഇന്ന് പല വീടുകളിലും മാതാപിതാക്കളും രണ്ടാനമ്മമാരും രണ്ടാനച്ഛന്മാരും മക്കളോട് കാണിക്കുന്നുണ്ട്. വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും ഇതിലുണ്ട്. പഠനത്തില്‍ മറ്റുള്ളവരേക്കാള്‍ മുന്നിലെത്തണമെന്ന അത്യാര്‍ത്തി മാതാപിതാക്കള്‍ക്കുണ്ടാകുമ്പോഴും ഒരു മാര്‍ക്ക് കുറഞ്ഞു പോകുമ്പോഴും അക്ഷരങ്ങള്‍ തെറ്റിപ്പോകുമ്പോഴും ക്രൂര പീഡനങ്ങള്‍ ഏല്‍പ്പിക്കുന്ന രക്ഷിതാക്കള്‍ പുതിയൊരു ഹിറ്റ്‌ലറെ സൃഷ്ടിക്കുകയാണെന്നറിയുന്നില്ല. കുട്ടികളുടെ മനസ്സില്‍ മുറിവുണ്ടാക്കിയാല്‍ വരുന്ന ഭവിഷ്യത്തും മുറിവുണ്ടാക്കുന്നവര്‍ അതുണ്ടാക്കാനുള്ള കാരണവും മനഃശാസ്ത്രപരമായി നമുക്ക് വിലയിരുത്താം. ഒരു വ്യക്തിയുടെ ഉള്ളിലേറ്റ വൈകാരിക മുറിവ് ഉണങ്ങാത്തിടത്തോളം കാലം ആ വ്യക്തി സ്വയം വേദനിച്ചോ മറ്റുള്ളവരെ വേദനിപ്പിച്ചോ കഴിയും. സാധാരണഗതിയില്‍ ഒരാഴ്ചക്കുള്ളിലോ ഒരു മാസം കൊണ്ടോ ആ വേദനയുടെ അനുഭവം അവര്‍ മറന്നേക്കാം. വേദനക്ക് അല്‍പ്പമെങ്കിലും ആശ്വാസം കിട്ടണമെങ്കില്‍ അവരതു മറന്നേ മതിയാവൂ. മനഃശാസ്ത്രജ്ഞന്മാര്‍ ഇതിനെ അടിച്ചമര്‍ത്തല്‍ എന്നു പറയുന്നു. അടിച്ചമര്‍ത്തല്‍ യഥാര്‍ഥത്തില്‍ വേദനയെ ഇല്ലാതാക്കുകയോ വൈകാരിക മുറിവിനെ ഉണക്കുകയോ ചെയ്യുന്നില്ല. മറിച്ച് വേദനയുടെ ഓര്‍മയെ ബോധ മനസ്സില്‍ നിന്നും അകറ്റി നിര്‍ത്തുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാല്‍ ആ വേദന അബോധമനസ്സില്‍ ഭവിക്കുകയും അവരുടെ വ്യക്തിത്വത്തെ ദോഷകരമായി ബാധിക്കത്തക്ക വിധത്തില്‍ അവരുടെ പെരുമാറ്റത്തെ വിവിധ തരത്തില്‍ സാരമായി സ്വാധീനിച്ചുകൊണ്ടിരിക്കുകയും ചെയ്യും. കാനഡയിലെ ന്യൂറോ സര്‍ജനായിരുന്ന ഡോക്ടര്‍ പെന്‍ഫീല്‍ഡ് തലച്ചോറിന്റെ ശസ്ത്രക്രിയക്കു വിധേയരാകേണ്ടിയിരുന്ന ഏതാനും രോഗികളില്‍ ചില പഠനങ്ങള്‍ നടത്തി.

കുട്ടികള്‍ കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമെല്ലാം തലച്ചോറില്‍ ലിഖിതമാകുന്നു. തലച്ചോറില്‍ റിക്കാര്‍ഡ് ചെയ്യുന്നവ പിന്നീട് അവന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം കണ്ടെത്തി. കുട്ടിക്കാലത്തെ പീഡനങ്ങള്‍ കുട്ടികള്‍ക്ക് വിവേചിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് തന്നെ എത്ര നിസ്സാരമായ അടിയും അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്നതാണ്. രണ്ട് വയസ്സിന് മുമ്പ് കുട്ടികളെ ശിക്ഷിക്കാത്ത രക്ഷിതാക്കള്‍ വിരളമാണ്. നിസ്സാര കാരണത്തിനു പോലും കൈ കൊണ്ടെങ്കിലും അടിച്ചിരിക്കും. സ്‌കൂള്‍ പഠന കാലമാകുമ്പോള്‍ വായിക്കാത്തതിനും എഴുതാത്തതിനും മാര്‍ക്ക് കുറഞ്ഞതിനും ശകാരവും ശിക്ഷയുമായി കുടുംബാന്തരീക്ഷം മലിനപ്പെടുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന പഠനം രക്ഷിതാക്കള്‍ നടത്തുന്നില്ല. കാരണം രക്ഷിതാവാകാനുള്ള പരിശീലനമോ വിദ്യാഭ്യാസമോ ലഭിക്കാതെയാണ് ഈ റോളിലേക്ക് വരുന്നതെന്നതാണ് യാഥാര്‍ഥ്യം. കുട്ടികളെ പീഡിപ്പിക്കുന്നവരില്‍ അധിക പേരും കുട്ടിക്കാലത്ത് ലൈംഗികമായും ശാരീരികമായും പീഡനത്തിന് ഇരയായിട്ടുള്ളവരായിരുന്നുവെന്ന് ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നു. കുട്ടികളെ വൈകാരികമായി വ്രണപ്പെടുത്തുന്ന നിരവധി ക്രൂരമായ പെരുമാറ്റ രീതികള്‍ മാതാപിതാക്കളുടെ ഇടയില്‍ ഉണ്ട്. ഇത് കുട്ടികളെ വിഷാദ രോഗത്തിലേക്കും ചിത്തഭ്രമത്തിലേക്കും മറ്റും വഴിതെളിയിക്കുന്നതായി അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള ഇത്തരം പീഡനങ്ങള്‍ക്കും ക്രൂരതക്കും അതിനാലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പറയുന്ന പേരാണ് ബാറ്റേഡ് ചൈല്‍ഡ് സിന്‍ഡ്രോം.

ന്യായീകരിക്കാന്‍ പറ്റാത്ത കാരണങ്ങളാല്‍ ക്രൂര പീഡനത്തിന് വിധേയരാകുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ ഭാവിയില്‍ ഇല്ലാതിരിക്കാന്‍ സമൂഹം ഉണരേണ്ടതുണ്ട്. പുനര്‍വിവാഹത്തിനു തുനിയുമ്പോള്‍ കുടുംബ പശ്ചാത്തലം അന്വേഷിക്കുന്നത് നല്ലതാണ്.
ബാല്യകാലാനുഭവങ്ങളാണ് ഒരു വ്യക്തിയുടെ ഭാഗധേയം തീരുമാനിക്കുന്നത്. സുരക്ഷിതവും ആരോഗ്യകരവുമായ ഗൃഹാന്തരീക്ഷം ശൈശവ മനസ്സുകളുടെ ക്രമാനുഗതമായ വളര്‍ച്ചക്കും വികാസത്തിനും അത്യന്താപേക്ഷിതമാണ്. മാതാപിതാക്കള്‍ എങ്ങനെയാണോ അവരുടെ മക്കളും അങ്ങനെയായിത്തീരും. അവരുടെ സമ്പത്തിനേക്കാള്‍ ഉപദേശവും മാതൃകയും തെറ്റുതിരുത്തലുമാണ് ജീവിതസമരത്തിന് കുട്ടികള്‍ക്ക് സഹായകമാകുന്ന ആയുധങ്ങള്‍. കുടുംബം ഒരു കപ്പലാണ്. മാതാപിതാക്കള്‍ കപ്പിത്താനും മക്കള്‍ യാത്രക്കാരുമാണ്.