Connect with us

Kollam

അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍

Published

|

Last Updated

കൊല്ലം: ക്ഷേത്രത്തില്‍ കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘത്തെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലും കേരളത്തിലും നിരവധി കൊലപാതക കേസുകളിലും കവര്‍ച്ചാ കേസുകളിലും പ്രതികളായ സംഘം കൊല്ലം ജില്ലയില്‍ തമ്പടിച്ച് വന്‍ കവര്‍ച്ചക്ക് എത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്‌കുമാര്‍ ബെഹ്‌റക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കൊല്ലം കൊറ്റങ്കര വില്ലേജില്‍ മാമൂട് ചേരിയില്‍ തീപ്പെട്ടി കമ്പനിക്ക് സമീപം കുറുവേല് താഴതില്‍ വീട്ടില്‍ അമ്പലം പ്രസാദ് എന്ന പ്രസാദ് (49), നെയ്യാറ്റിന്‍കര കുളത്തൂര്‍ ഉച്ചായ്ക്കാമുടിപ്പുറം ചാത്തവിളാകം വീട്ടില്‍ മനു (39), ശക്തികുളങ്ങര കുരീപ്പുഴ സ്‌നേഹ നഗര്‍ 62ല്‍ സലീം എന്ന നാസീം (31), തമിഴ്‌നാട് കന്യാകുമാരി കോതനല്ലൂര്‍ മണലിക്കര മേലേപുത്തന്‍ വീട്ടില്‍ പാപ്പി എന്ന അനികുമാര്‍ (33) എന്നിവരെയാണ് ഉളിയക്കോവിലെ പ്രമുഖ ക്ഷേത്രത്തിന് മുന്നില്‍ നിന്ന് കമ്പിപ്പാര, കഠാര, ചുറ്റിക എന്നീ ആയുധങ്ങളുമായി പിടികൂടിയത്.
2002ല്‍ പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ വാര്യപുരത്ത് മോനച്ചനെ കൊലപ്പെടുത്തിയ കേസിലും കൊല്ലം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വെച്ച് പരവൂര്‍ സ്വദേശി ലളിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലും പ്രസാദ് പ്രതിയാണ്. 60 ഓളം കവര്‍ച്ചാ കേസുകളിലും ഇയാള്‍ പ്രതിയാണ്.
പത്തനംതിട്ട കൊടുമണ്‍ ചിലന്തി ക്ഷേത്രം, മണക്കാല കോട്ടൂര്‍ ഭഗവതി ക്ഷേത്രം തുടങ്ങിയവയാണ് ഇയാള്‍ കവര്‍ച്ച നടത്തിയ പ്രധാന ക്ഷേത്രങ്ങള്‍. ഇതൂകൂടാതെ നൂറനാട്, അഞ്ചല്‍, കുണ്ടറ, കൊടുമണ്‍, അടൂര്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വാറണ്ടുകളും നിലവിലുണ്ട്.
നെയ്യാറ്റിന്‍കര സ്വദേശിയായ മനു 2002ല്‍ തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ സ്ത്രിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതിയായിരുന്നു. അനില്‍കുമാറും നാസീമും നേരത്തെ മോഷണ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
അടുത്തിടെ തെക്കന്‍ കേരളത്തില്‍ നടന്ന ചില മോഷണകേസുകളില്‍ പ്രതികളുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഓണക്കാലത്തോടനുബന്ധിച്ച് പ്രമുഖ ക്ഷേത്രങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട കൊടും ക്രിമിനലുകള്‍ ഉള്‍പ്പെട്ട കവര്‍ച്ചാ സംഘമാണ് ഇപ്പോള്‍ അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest