ആക്രമിച്ചാല്‍ കനത്ത വില നല്‍കേണ്ടി വരും: അസദ്

Posted on: September 10, 2013 5:13 am | Last updated: September 9, 2013 at 11:15 pm

ദമസ്‌കസ്: സിറിയക്കെതിരെ ആക്രമണം നടത്തിയാല്‍ അമേരിക്ക കനത്ത വില നല്‍കേണ്ടിവരുമെന്ന് ബശര്‍ അല്‍ അസദ്. യു എസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിറിയന്‍ പ്രസിഡന്റ് അമേരിക്കക്കും ഒബാമക്കുമെതിരെ തുറന്നടിച്ചത്. സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന അമേരിക്കയുടെ ആരോപണം തള്ളിയ അസദ്, ഇതിന് വ്യക്തമായ തെളിവുകള്‍ അമേരിക്കയുടെ കൈവശമില്ലെന്ന് ചൂണ്ടിക്കാട്ടി.

സിറിയന്‍ സൈന്യം നടത്തിയതാണെന്ന് അമേരിക്ക ആരോപിക്കുന്ന ദമസ്‌കസിലെ രാസായുധ പ്രയോഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അസദിന്റെ പ്രസ്താവന. ‘സിറിയയെ ആക്രമിച്ചാല്‍ ഇവിടുത്തെ സൈന്യം മാത്രമായിരിക്കില്ല പ്രതികരിക്കുക. സിറിയയുടെ അകത്തു നിന്നും പുറത്തു നിന്നും അമേരിക്കക്കെതിരെ നടപടിയുണ്ടാകും.’

സിറിയക്കെതിരെ അമേരിക്ക ആക്രമണം നടത്തിയാല്‍ അത് രാജ്യത്ത് തീവ്രവാദത്തിന് വേരോട്ടമുണ്ടാക്കുമെന്നും സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന വിമതരെ സഹായിക്കുന്നത് അമേരിക്കക്ക് കനത്ത തിരിച്ചടിയാകുമെന്നും അസദ് മുന്നറിയിപ്പ് നല്‍കി. അല്‍ഖാഇദയുമായി അടുത്ത ബന്ധമുള്ള വിമത സൈന്യത്തെയാണ് അമേരിക്ക സഹായിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം ദമസ്‌കസിന് സമീപമുണ്ടായ രാസായുധ ആക്രമണത്തിന് പിന്നില്‍ സിറിയന്‍ സൈന്യമാണെന്നും ആക്രമണത്തില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അമേരിക്ക ആരോപിച്ചിരുന്നു. ഈ ആരോപണം ഉയര്‍ത്തിക്കാട്ടി സിറിയയെ ആക്രമിക്കാനുള്ള ശ്രമത്തെ ലോകരാഷ്ട്രങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു. ആക്രമണത്തിന് പിന്നില്‍ സിറിയന്‍ സൈന്യമാണെന്ന് വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ സൈനിക നടപടികള്‍ സ്വീകരിക്കരുതെന്ന് റഷ്യയടക്കമുള്ള രാഷ്ട്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയയില്‍ സര്‍ക്കാറിനും സൈന്യത്തിനുമെതിരെ അക്രമാസക്തമായ പ്രക്ഷോഭം നടത്തുന്ന വിമതരുടെ കൈവശം വന്‍ തോതിലുള്ള രാസായുധ ശേഖരമുണ്ടെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു.