Connect with us

International

ശക്തമായ ആക്രമണത്തിന് പെന്റഗണ്‍ പദ്ധതി

Published

|

Last Updated

വാഷിംഗ്ടണ്‍: രാസായുധം പ്രയോഗിച്ചുവെന്നാരോപിച്ച് സിറിയക്കെതിരെ അമേരിക്ക നടത്താന്‍ ഉദ്ദേശിക്കുന്ന ആക്രമണം കൂടുതല്‍ ശക്തവും നീണ്ടുനില്‍ക്കുന്നതും ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിനായി പെന്റഗണ്‍ നേരത്തേ തയ്യാറാക്കിയ പദ്ധതി മാറ്റി കൂടുതല്‍ അപകടകരമായ പദ്ധതി രൂപപ്പെടുത്തിയതായി ലോസ് ആഞ്ചലസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വന്‍ തോതില്‍ മിസൈല്‍ ആക്രമണം നടത്തുമ്പോള്‍ തന്നെ മിസൈല്‍ വര്‍ഷത്തില്‍ നിന്ന് ഒഴിവാകുന്ന ലക്ഷ്യങ്ങള്‍ക്കായി പ്രത്യേക ആക്രമണം സംഘടിപ്പിക്കുകയാണ് തന്ത്രമെന്ന് മുതിര്‍ന്ന അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമ്പത് ലക്ഷ്യങ്ങളാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. കൂടുതല്‍ ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തി പട്ടിക വിപുലപ്പെടുത്താനും പെന്റഗണ്‍ തീരുമാനിച്ചിട്ടുണ്ട്. ആക്രമണത്തിന് അന്താരാഷ്ട്രതലത്തില്‍ പിന്തുണ നേടിയെടുക്കാനുള്ള ശ്രമം അമ്പേ പരാജപ്പെടുമ്പോഴും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് ബരാക് ഒബാമ നല്‍കിയത്. സിറിയയിലെ ബശര്‍ അല്‍ അസദ് ഭരണകൂടം വിമതര്‍ക്ക് നേരെ രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണത്തില്‍ യു എന്‍ പരിശോധനാ റിപ്പോര്‍ട്ട് അടുത്തയാഴ്ച വരാനിരിക്കുകയാണ്.
മൂന്ന് ദിവസത്തെ ശക്തമായ ആക്രമണത്തിന് ശേഷം പിന്‍വാങ്ങാമെന്നാണ് ഇപ്പോള്‍ പെന്റഗണ്‍ തയ്യാറാക്കിയ പദ്ധതിയിലുള്ളത്. പരിമിത ആക്രമണമേ ഉണ്ടാകൂ എന്നായിരുന്നു നേരത്തേ ഒബാമ പ്രഖ്യാപിച്ചത്. എന്നാല്‍, അസദിന്റെ സൈനിക ശേഷി പൂര്‍ണമായി ശിഥിലമാക്കാന്‍ മൂന്ന് ദിവസത്തെ ശക്തമായ ആക്രമണം വേണമെന്ന നിലപാടിലാണ് പെന്റഗണ്‍. അമേരിക്ക പിന്‍വാങ്ങുന്നതിന് പിറകേ വിമത സൈനിക വിഭാഗമായ ഫ്രീ സിറിയന്‍ സേന ശക്തമായ ആക്രമണം തുടരണമെന്നും പെന്റഗണ്‍ പദ്ധതിയില്‍ പറയുന്നു. അമേരിക്കന്‍ കോണ്‍ഗ്രസില്‍ സിറിയന്‍ ഇടപെടലിന് അംഗീകാരം നേടിയെടുക്കാന്‍ ബരാക് ഒബാമ നീക്കം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രധാന ചാനലുകള്‍ക്കെല്ലാം പ്രസിഡന്റ് അഭിമുഖം നല്‍കും. ചൊവ്വാഴ്ച അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും. റിപ്പബ്ലിക്കന്‍ അംഗങ്ങളെയടക്കം ഒബാമ നേരിട്ട് വിളിച്ച് പിന്തുണ തേടുന്നുണ്ട്. ഇതുസംബന്ധിച്ച പ്രമേയം പരാജയപ്പെടുമെന്നാണ് പ്രധാന സര്‍വേകളെല്ലാം പ്രവചിക്കുന്നത്. മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍, സി ഐ എ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡേവിഡ് പട്രോസ്, മുന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് എന്നിവര്‍ അനുകൂലിച്ച് രംഗത്തെത്തിയത് മാത്രമാണ് ഒബാമ ഭരണകൂടത്തിന് ആശ്വാസം പകരുന്നത്.
അതിനിടെ, സിറിയന്‍ സേന രാസായുധം പ്രയോഗിച്ചതിന് തെളിവെന്ന നിലയില്‍ അമേരിക്ക വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പതിമൂന്ന് വീഡിയോ ദൃശ്യങ്ങളാണ് അമേരിക്കന്‍ സെനറ്റ് ഇന്റലിജന്‍സ് പാനല്‍ പുറത്തുവിട്ടത്. വ്യാഴാഴ്ച സെനറ്റ് രഹസ്യാന്വേഷണ സമിതിക്ക് മുമ്പാകെയാണ് വീഡിയോ ആദ്യം പ്രദര്‍ശിപ്പിച്ചത്. രാസായുധ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാക്കളുടെയും കുട്ടികളുടെയും ഗ്രാഫിക് ചിത്രങ്ങളും വീഡിയോയിലുണ്ട്. ആഗസ്റ്റ് 21ന് രാസായുധ ആക്രമണം നടന്ന ദമസ്‌കസില്‍ നിന്ന് അമേരിക്കയുമായി ബന്ധമുള്ള ഏജന്‍സികളാണ് വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചതെന്ന് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി അവകാശപ്പെടുന്നു. സിറിയന്‍ വിമതരെ അനുകൂലിക്കുന്നവരാണ് യുട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍, വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടത് ആക്രമണത്തിനനുകൂലമായ അഭിപ്രായ രൂപവത്കരണത്തിനുള്ള തന്ത്രമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയമുയര്‍ന്നിട്ടുമുണ്ട്.

Latest