സിറിയയില്‍ അന്താരാഷ്ട്ര ഇടപെടല്‍ ഉടന്‍ വേണമെന്ന് ജി സി സി രാജ്യങ്ങള്‍

Posted on: September 8, 2013 7:56 pm | Last updated: September 8, 2013 at 7:57 pm

ദുബൈ: സിറിയന്‍ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലില്‍ നിന്നും ജനയതയെ രക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്ന് ജി സി സി രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
നരഹത്യകളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുമാണ് സിറിയന്‍ ജനത അനുഭവിക്കുന്നത്. ഇതിന് പരിഹാരം അന്താരാഷ്ട്ര ഇടപെടല്‍ മാത്രമാണെന്ന് ജി സി സി സെക്രട്ടറി അബ്ദുല്‍ലത്തീഫ് അല്‍ സയാനി വ്യക്തമാക്കി. സിറിയന്‍ സഹോദരന്‍മാരെ അസദ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലില്‍ നിന്നും രക്ഷിക്കാനും അവരുടെ ദുരിതത്തിന് അറുതിവരുത്താനും ഇടപെടല്‍ അത്യന്താപേക്ഷിതമാണ്.
സിറിയന്‍ പട്ടാളം രാസായുധം പ്രയോഗിച്ചതായി അമേരിക്ക കുറ്റപ്പെടുത്തുകയും സിറിയയില്‍ ഇടപെടാന്‍ കോണ്‍ഗ്രസിന്റെ അനുമതിക്കായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ കാത്തിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ജി സി സി സെക്രട്ടറി ജനറലിന്റെ പ്രസ്താവന വന്നിരിക്കുന്നത്. സിറിയയില്‍ നടക്കുന്ന എല്ലാ അശുഭ സംഭവങ്ങളുടെയും ഉത്തരവാദി അസദ് ഭരണകൂടം മാത്രമാണെന്നും അബ്ദുല്‍ലത്തീഫ് പറഞ്ഞു.