ഗ്ലോബല്‍ വില്ലേജ് ഒരുങ്ങുന്നു

Posted on: September 7, 2013 6:10 pm | Last updated: September 7, 2013 at 6:10 pm

ദുബൈ: ഈ വര്‍ഷത്തെ ഗ്ലോബല്‍ വില്ലേജ് ഒക്‌ടോബര്‍ അഞ്ചിന് ആരംഭിക്കും. മാര്‍ച്ച് ഒന്നുവരെയാണ് പ്രദര്‍ശനം. വില്ലേജിലേക്കുള്ള വി ഐ പി ടിക്കറ്റ് പായ്ക്കുകളുടെ വില്‍പന ആരംഭിച്ചു. മികച്ച ഓഫറുകളുള്‍പ്പെടുന്നതാണ് വിഐപി പായ്ക്ക്. വിഐപി കാര്‍ പാസ്, വാലെറ്റ് പാര്‍ക്കിംഗ് ടിക്കറ്റുകള്‍, വി ഐ പി എന്‍ട്രി ടിക്കറ്റ്, ഫാന്റസി ഐലന്‍ഡ് ടിക്കറ്റുകള്‍ എന്നിവ ഇതിലുള്‍പ്പെടും.
എട്ടു വര്‍ഷം മുമ്പാണ് വി ഐ പി ടിക്കറ്റ് ഏര്‍പ്പെടുത്തിയത്. ഒരെണ്ണം മാത്രമുള്ള നമ്പര്‍ വണ്‍ പായ്ക്കിന് 10,000 ദിര്‍ഹമാണ് വില. 200 ടിക്കറ്റുകള്‍, 100 ഫാന്റസി ഐലന്‍ഡ് കൂപ്പണുകള്‍, 30 വാലെറ്റ് പാര്‍ക്കിംഗ് ടിക്കറ്റുകള്‍, രണ്ടു കാര്‍ സ്റ്റിക്കറുകള്‍, ലോയല്‍റ്റി കാര്‍ഡ് എന്നിവയടങ്ങുന്നതാണിത്. പായ്ക്ക് നമ്പര്‍ രണ്ടു മുതല്‍ 10 വരെയുള്ള ഒന്നാം വിഭാഗത്തിന് 4,000 ദിര്‍ഹമാണ് വില. രണ്ടു കാര്‍ സ്റ്റിക്കറുകള്‍, 150 എന്‍ട്രി ടിക്കറ്റുകള്‍, 100 ഫാന്റസി ഐലന്‍ഡ് ടിക്കറ്റുകള്‍, 25 വാലെറ്റ് പാര്‍ക്കിംഗ് ടിക്കറ്റുകള്‍ എന്നിവയടക്കം ഇതിന്റെ മൂല്യം 4,000 ദിര്‍ഹത്തിനു മേലെ വരും. 11 മുതല്‍ 99 വരെ നമ്പറുകളിലുള്ള പായ്ക്കുകള്‍ അടങ്ങുന്ന രണ്ടാം കാറ്റഗറിക്ക് 1,500 ദിര്‍ഹമാണ് വില. ഒരു കാര്‍ സ്റ്റിക്കര്‍, 130 എന്‍ട്രി ടിക്കറ്റുകള്‍, 50 ഫാന്റസി കൂപ്പണുകള്‍, 20 വാലെറ്റ് പാര്‍ക്കിംഗ് ടിക്കറ്റുകള്‍ എന്നിവയടക്കം 3,200 ദിര്‍ഹത്തിന്റെ മൂല്യമുള്ളതാണ് ഇത്. മൂന്നാം കാറ്റഗറിയിലെ പായ്ക്കുകള്‍ക്ക് 900 ദിര്‍ഹമാണു വില. ഒരു കാര്‍ സ്റ്റിക്കര്‍, 120 എന്‍ട്രി ടിക്കറ്റുകള്‍, 30 ഫാന്റസി കൂപ്പണുകള്‍, 15 വാലെ പാര്‍ക്കിംഗ് ടിക്കറ്റുകള്‍ എന്നിവയടക്കം 2,750 ദിര്‍ഹമാണ് ഇതിന്റെ മൂല്യം.