Connect with us

International

ബ്രിട്ടനുമായി ചേര്‍ന്ന് എന്‍ എസ് എ ഇന്റര്‍നെറ്റ് കോഡുകള്‍ ചോര്‍ത്തി

Published

|

Last Updated

ന്യൂയോര്‍ക്ക്: ദേശീയ സുരക്ഷാ ഏജന്‍സി ബ്രിട്ടീഷ് സര്‍ക്കാറുമായി ചേര്‍ന്ന് കോടിക്കണക്കിന് ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് രഹസ്യ കോഡുകള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സര്‍ക്കാറിന്റെ ആഭ്യന്തര രേഖകളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. വ്യാപാര ആവശ്യത്തിനും ദൈംനംദിന ആവശ്യത്തിനുമായി നിരവധി പേര്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റിലെ ഡിജിറ്റല്‍ രഹസ്യ കോഡുകള്‍  എന്‍ എസ് എ ചോര്‍ത്തുകയോ തകര്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍ പത്രങ്ങളും പ്രോ പബ്ലിക്ക എന്ന വെബ്‌സൈറ്റും റിപ്പോര്‍ട്ട് ചെയ്തു. രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് 2000 മുതല്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
രഹസ്യ കോഡുകള്‍ തകര്‍ക്കുന്നതിന് എന്‍ എസ് എ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ നിര്‍മിക്കുകയും അജ്ഞാതമായ കമ്പനികളുടെ സാങ്കേതിക സഹകരണത്തോടെ വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറുകയും ചെയ്തു. ഇതിലൂടെ സര്‍ക്കാറിന് ഉപയോക്താക്കളുടെ ഡിജിറ്റല്‍ വിവരങ്ങള്‍ ലഭ്യമാകും. കഴിഞ്ഞ പതിറ്റാണ്ടില്‍ എന്‍ എസ് എ വ്യാപകമായി ഇന്റര്‍നെറ്റ് രഹസ്യ സാങ്കേതിക വിദ്യ തകര്‍ക്കുന്നതായി രേഖകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ഇത് ഇന്റര്‍നെറ്റ് സുരക്ഷയെ കാര്യമായി ബാധിക്കുമെന്ന് സുരക്ഷാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍ എന്‍ എസ് എ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡനാണ് എന്‍ എസ് എയുടെ ഇന്റര്‍നെറ്റ് വിവരം ചോര്‍ത്തല്‍ പദ്ധതി പുറത്തുവിട്ടത്. തുടര്‍ന്ന് ഗാര്‍ഡിയന്‍ പത്രമാണ് ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവം അമേരിക്കയില്‍ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്.